ഇന്ത്യയുടെ സമ്പത്ത് ചില കൈകളിൽ മാത്രമൊതുങ്ങുന്നു: രാഹുൽ ഗാന്ധി
കേംബ്രിഡ്ജ്: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏതാനും കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുകയാണെന്നും തൊഴിലില്ലായ്മയുടെ വെല്ലുവിളി തുടരുകയാണെന്നും രാഹുൽ ഗാന്ധി എംപി. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടയിലാണ് രാഹുൽ ഇന്ത്യയുടെ അശാസ്ത്രീയമായ സമ്പദ്ഘടനയെ കുറിച്ചു വിവരിച്ചത്. കഴിഞ്ഞ 10 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ചോദ്യത്തോടാിരുന്നു പ്രതികരണം. സാമ്പത്തിക വികസനത്തെ കുറിച്ച് പറയുമ്പോൾ ആ സാമ്പത്തിക വികസനം ആരുടെ താൽപ്പര്യത്തിലാണ് എന്ന ചോദ്യമാണ് ചോദിക്കേണ്ടതെന്നും കോൺഗ്രസ് നേതാവ് പ്രതികരിച്ചു.
‘‘രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോൾ അവ, ആരുടെ താത്‌പര്യമാണെന്നുള്ള ചോദ്യമാണ് വേണ്ടത്. രാജ്യത്തിന്റെ വളർച്ച ഏതുതരത്തിൽ, അവ ആർക്ക് ഗുണപ്രദമാകുമെന്നും അറിയണം. രാജ്യത്തിന്റെ വളർച്ചയോട് തന്നെ ചേർത്തു നിർത്തേണ്ടതാണ് തൊഴിലില്ലായ്‌മയുടെ കണക്കുകൾ. രാജ്യം വളരുന്നു. എന്നാൽ ധനം ഒരുവിഭാഗം ആളുകൾക്കു മാത്രം ഗുണം ചെയ്യുന്ന തരത്തിലാണ് വളരുന്നത്. ആളുകൾക്ക് നിരവധി തൊഴിൽ ലഭിക്കുന്ന ഉത്‌പാദനക്ഷമമായ സാമ്പത്തികരംഗമാണ് രാജ്യത്തിന് ആവശ്യം‘‘ അദ്ദേഹം പറഞ്ഞു.
"ഞങ്ങൾക്ക് ഒരു ന്യായമായ മാധ്യമം, ന്യായമായ നിയമസംവിധാനം, ന്യായമായ തിരഞ്ഞെടുപ്പ് കമ്മീഷൻ, ധനസഹായം, നിഷ്പക്ഷമായ സ്ഥാപനങ്ങൾ എന്നിവ ആവശ്യമാണ്. ഞങ്ങളുടെ സന്ദേശം ലഭ്യമാക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഞാൻ 4,000 കിലോമീറ്റർ നടന്നു," തന്റെ ഭാരത് ജോഡോ യാത്രയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "എന്റെ സോഷ്യൽ മീഡിയ പോലും പൂർണ്ണമായും അടച്ചിരിക്കുന്നു. എന്റെ ട്വിറ്റർ നിയന്ത്രണത്തിലാണ്, എന്റെ യൂട്യൂബ് നിയന്ത്രണത്തിലാണ്, എനിക്ക് മാത്രമല്ല മുഴുവൻ പ്രതിപക്ഷത്തിന്റെയും അവസ്ഥ ഇതാണ്. രാജ്യത്തെ ഒറ്റ ആശയവും ഒറ്റമതവും ഒറ്റഭാഷയുമുള്ള രാഷ്ട്രമായിട്ടാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.