Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കോലി, ശ്രേയസ് വെടിക്കെട്ടിൽ ഇന്ത്യ ഫൈനലിൽ

08:16 AM Nov 16, 2023 IST | Veekshanam
Advertisement

മുംബൈ: ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ 70 റൺസിനായിരുന്നു ഇന്ത്യയുടെ ദീപാവലി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറി കരുത്തിൽ 397 റൺസാണ് നേടിയത്. ശുഭ്മാൻ ഗിൽ 80 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന് 48.5 ഓവറിൽ 327 എല്ലാവരും പുറത്തായി. 9.5 ഓവറിൽ 57ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിനെ തകർത്തത്. ഇതോടെ വിക്കറ്റ് വേട്ടയിൽ ഒന്നാമെത്താനും ഷമിക്ക് (23) സാധിച്ചു. ഡാരിൽ മിച്ചൽ (119 പന്തിൽ 134) വിജയപ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

Advertisement

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ന്യൂസിലൻഡിന്. സ്‌കോർബോർഡിൽ 39 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരെ ന്യൂസിലൻഡിന് നഷ്ടമായി. ഡെവോൺ കോൺവെ (13), രചിൻ രവീന്ദ്ര (13) എന്നിവർക്ക് തിളങ്ങാനായില്ല. ഇരുവരേയും വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ പിടിച്ച് പുറത്താക്കി. നാലാം വിക്കറ്റിൽ കെയ്ൻ വില്യംസൺ (69) - മിച്ചൽ സഖ്യം 181 റൺസ് കൂട്ടിചേർത്തു. വില്യംസൺ സൂക്ഷ്മതയോടെ കളിച്ചെങ്കിലും പാതിവഴിയിൽ വീണു. ഷമിയുടെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച്. പിന്നാലെ എത്തിയ ടോം ലാഥമിന് (0) തിളങ്ങാനായില്ല. അതേ ഓവറിൽ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി.

ഗ്ലെൻ ഫിലിപ്‌സ് (33 പന്തിൽ 41) - മിച്ചൽ സഖ്യം ക്രീസിലുണ്ടായിരുന്നപ്പോൾ ന്യൂസിലൻഡിന് പ്രതീക്ഷയുണ്ടായിരുന്നു. ഇരുവരും 79 റൺസ് കൂട്ടിചേർക്കുകയും ചെയ്തു. എന്നാൽ ബുമ്ര, ഫിലിപ്‌സിനെ പുറത്താക്കിയതോടെ കളിമാറി. അടുത്ത ഓവറിൽ മാർക്ക് ചാപ്മാനെ (2) കുൽദീപും തിരിച്ചയച്ചു. മിച്ചലിന്റെ പോരാട്ടം 46-ാം ഓവറിൽ ഷമിയും അവസാനിപ്പിച്ചുകൊടുത്തു. ഇതോടെ ഷമി അഞ്ച് വിക്കറ്റ് പൂർത്തിയാക്കി. പിന്നീട് ടിം സൌത്തി (9), ലോക്കി ഫെർഗൂസൺ (6) എന്നിവരെ പുറത്താക്കി ഷമി ഏഴ് വിക്കറ്റ് പൂർത്തിയാക്കി. ഈ ലോകകപ്പിൽ മൂന്നാം തവയാണ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡ് കോലിയുടെ പേരിലായി മത്സരം കൂടിയായിരുന്നിത്. സച്ചിൻ ടെൻഡുൽക്കറെയാണ് (49) കോലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും റൺസെന്ന റെക്കോർഡും സച്ചിനിൽ (673) നിന്ന് കോലി തട്ടിയെടുത്തു. 711 റൺസാണ് കോലിയുടെ അക്കൗണ്ടിൽ ഇപ്പോഴുള്ളത്. എപ്പോഴത്തേയും പോലെ മികച്ച തുടക്കം നൽകിയ ശേഷമാണ് ക്യാപ്റ്റൻ രോഹിത് ശർമ (29 പന്തിൽ 47) മടങ്ങുന്നത്. രോഹിത്തിനെ സൗത്തി, കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ കൈകളിലെത്തിക്കുമ്പോൾ ഇന്ത്യ 8.2 ഓവറിൽ 71 റൺസ് നേടിയിരുന്നു.

പിന്നാലെ കോലി ക്രീസിലേക്ക്. കോലി സൂക്ഷിച്ച് കളിച്ചപ്പോൾ ഗിൽ ഒരറ്റത്ത് ആക്രമണം തുടർന്നു. എന്നാൽ അധികനേരം അദ്ദേഹത്തിന് ക്രീസിൽ തുടരനായില്ല. മുംബൈയിലെ കനത്ത ചൂടിൽ തളർന്ന ഗിൽ റിട്ടയേർഡ് ഹർട്ടായി. മടങ്ങുമ്പോൾ മൂന്ന് സിക്‌സും എട്ട് ഫോറും ഗിൽ നേടിയിരുന്നു. വൈകാതെ കോലി തന്റെ അമ്പതാം സെഞ്ചുറി പൂർത്തിയാക്കി. 113 പന്തുകൾ നേരിട്ട കോലി 117 റൺസാണ് ഒന്നാകെ നേടിയത്. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്. 48-ാം ഓവറിൽ ശ്രേയസ് അയ്യരും സെഞ്ചുറി പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 70 പന്തുകൾ മാത്രം നേരിട്ട ശ്രേയസ് എട്ട് സിക്‌സും നാല് ഫോറും നേടി. 49-ാം ഓവറിൽ ട്രന്റ് ബോൾട്ടിന് വിക്കറ്റ് നൽകിയാണ് ശ്രേയസ് മടങ്ങുന്നത്. സൂര്യകുമാർ യാദവ് (1) അവസാന ഓവറിൽ മടങ്ങി. ഗില്ലിനൊപ്പം കെ എൽ രാഹുൽ (39) പുറത്താവാതെ നിന്നു. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags :
featured
Advertisement
Next Article