ഇന്ത്യന്‍ സവാളയ്ക്ക് വീണ്ടും കയറ്റുമതി നിരോധനം: ഒമാനില്‍ ഉള്ളി വില ഉയരുന്നു
മസ്‌കറ്റ്: ഉള്ളി കയറ്റുമതി നയത്തില്‍ യാതൊരു മാറ്റവുമില്ലെന്നും കയറ്റുമതി നിരോധന മാര്‍ച്ച് 31വരെ തുടരുമെന്നുമുള്ള ഇന്ത്യന്‍ ഉപഭോക്തൃ കാര്യ സെക്രട്ടറി റോഹിത് കുമാര്‍ സിങ്ങിന്റെ പ്രസ്താവന ഒമാനില്‍ ഉള്ളി വില ഉയരാന്‍ കാരണമാക്കും. ഇന്ത്യന്‍ ഉള്ളി നിലച്ചതോടെ പാകിസ്താന്‍ ഉള്ളിയാണ് വിപണി പിടിച്ചിരുന്നത്. എന്നാല്‍, പാകിസ്താന്‍ ഉള്ളിയുടെ വരവും കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. റമദാന്‍ ആരംഭിക്കുന്നതോടെ ഉള്ളിയുടെ ഉപയോഗം ഗണ്യമായി ഉയരും. അതിനാല്‍ ഇന്ത്യയുടെ കയറ്റുമതി നിരോധന അവസാനിപ്പിച്ചില്ലെങ്കില്‍ വില ഇനിയും ഉയരാന്‍ കാരണമാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ സുഡാന്‍, യമന്‍, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ ഉള്ളിയാണ് വിപണിയിലുള്ളത്.
വിദേശ രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനത്തിന് അയവ് വരുത്തുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ആറ് രാജ്യങ്ങളിലേക്കുള്ള ഉള്ളി കയറ്റുമതി പുനരാരംഭിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ബംഗ്ലദേശ്, ശ്രീലങ്ക, മൊറീഷ്യസ്, ഭൂട്ടാന്‍, ബഹ്‌റൈന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ഉള്ളി കയറ്റുമതിയാണ് പുനരാരംഭിക്കുന്നതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മൂന്ന് ലക്ഷം മെട്രിക് ടണ്‍ ഉള്ളി കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വാര്‍ത്തകള്‍ പ്രചരിച്ചതോടെ വില ഒറ്റ ദിവസം കൊണ്ട് ക്വിന്റലിന് 1280 രൂപയില്‍നിന്ന് 1800 രൂപയായി വര്‍ധിച്ചു.
ഉള്ളി കൃഷി മേഖലയില്‍ പെയ്ത ശക്തമായ മഴ ഉല്‍പാദനം കുറക്കാന്‍ കാരണമാക്കിയിരുന്നു. ഇതോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉള്ളി വില ഉയരാന്‍ തുടങ്ങി. വില പിടിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി ഉള്ളിക്ക് 40 ശതമാനം കയറ്റുമതി നികുതിയാണ് ആദ്യം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഫലിക്കാതെ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29ന് മെട്രിക് ടണ്‍ ഉള്ളിക്ക് 800 ഡോളര്‍ കയറ്റുമതി നികുതി ഏര്‍പ്പെടുത്തി. എന്നിട്ടും വില വര്‍ധന പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വന്നതോടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിന് കയറ്റുമതി പൂര്‍ണമായി നിരോധിക്കുകയായിരുന്നു. കയറ്റുമതി നിരോധനം ഇന്ത്യയിലെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വന്‍ തിരിച്ചടിയായിരുന്നു. നാട്ടിലെ മാര്‍ക്കറ്റിലും വില കുറഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു.
ഇതോടെ കര്‍ഷകരും വ്യാപാരികളും കയറ്റുമതി നിരോധനം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കാനും തുടങ്ങി. ഇന്ത്യയുടെ കയറ്റുമതി നിരോധനം ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഉള്ളി വരവ് നിലച്ചതോടെ ഒമാനില്‍ വില കുത്തനെ ഉയരാന്‍ തുടങ്ങിയിരുന്നു. നിലവില്‍ 700 ബൈസയാണ് ഒരു കിലോ ഉള്ളി വില. ഇറാന്‍, ഈജിപ്ത്, ചൈന അടക്കമുള്ള രാജ്യങ്ങളുടെ ഉള്ളി വിപണിയിലുണ്ടെങ്കിലും ഗുണനിലവാരത്തില്‍ ഇവയൊന്നും ഇന്ത്യന്‍ ഉള്ളിക്ക് ഒപ്പമെത്തില്ല. ഉള്ളി വിലയില്‍ മൂന്നിരട്ടി വര്‍ധനവുണ്ടായതോടെ അടുക്കളയില്‍ ഉള്ളി ഉപയോഗം പരമാവധി കുറച്ചാണ് പലരും ചെലവുകര്‍ കുറച്ചത്. ഇത് ഉള്ളിയുടെ വിപണനത്തെയും ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും ഉള്ളി ഉപയോഗം പരമാധി കുറക്കുകയും ചെയ്തിരുന്നു. സലാഡിലും മറ്റും ഉള്ളി അപ്രത്യക്ഷമായതും ഉയര്‍ന്ന വില കാരണമാണ്.