ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി കോൺഗ്രസ്
ന്യൂഡൽഹി: ലോകസഭ തെരഞ്ഞെടുപ്പ് നേരിടാൻ നൂതന പ്രവർത്തന രീതിയുമായി കോൺഗ്രസ്. ഇന്ന് എഐസിസി ആസ്ഥാനത്ത് ചേർന്ന ദക്ഷിണ മേഖല കോർഡിനേറ്ററുന്മാരുടെ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ സാന്നിധ്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവർത്തനരേഖ അവതരിപ്പിച്ചു. ബൂത്ത് തല പ്രവർത്തനം മുതൽ സ്ഥാനാർത്ഥി നിർണയം വരെയുള്ള തെരഞ്ഞെടുപ്പിന്റെ എല്ലാ മേഖലകളിലും വിപുലമായ ഉത്തരവാദിത്വവും അധികാരവുമാണ് പാർലമെന്റ് കോർഡിനേറ്ററുന്മാർക്ക് നൽകിയിട്ടുള്ളത്. കേരളത്തിൽ നിന്ന് മുൻ മന്ത്രിമാരായ കെ സി ജോസഫ്, വി എസ് ശിവകുമാർ, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു, കെപിസിസി ഭാരവാഹികളായ വിപി സജീന്ദ്രൻ, എ എ ഷുക്കൂർ, പിഎ സലിം, സോണി സെബാസ്റ്റ്യൻ, നേതാക്കളായ എൻ സുബ്രഹ്മണ്യം, അജയ് തറയിൽ, റോയി കെ പൗലോസ്, വി ബാബുരാജ്, പി ടി മാത്യു, സൈമൺ അലക്സ് തുടങ്ങിയവർ വിവിധ ലോക്സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പങ്കെടുത്തു. എഐസിസി ആസ്ഥാനത്തെ വാർ റൂം മോഡലിൽ കെപിസിസി, ഡിസിസി തലങ്ങളിലും സജ്ജമാക്കുവാൻ തീരുമാനിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാരായ രൺദീപ് സിങ് സുർജെവാല, ദീപ ദാസ് മുൻഷി എന്നിവരും സന്നിഹിതരായിരുന്നു.