ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കണങ്കാല്‍ ശസ്ത്രക്രിയ വിജയകരം
ലണ്ടന്‍: യു.കെയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കണങ്കാല്‍ ശസ്ത്രക്രിയ വിജയകരം. സമൂഹമാധ്യമത്തിലൂടെ ഷമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
'കണങ്കാലിലെ ശസ്ത്രക്രിയ വിജയകരമായിരുന്നു. സുഖം പ്രാപിക്കാന്‍ സമയമെടുക്കും, എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു' -താരം എക്‌സില്‍ കുറിച്ചു. മൈതാനത്തേക്ക് തിരിച്ചെത്താന്‍ സമയമെടുക്കുന്നതിനാല്‍ ഷമിക്ക് ഐ.പി.എല്‍ സീസണ്‍ പൂര്‍ണമായി നഷ്ടമാകും. താരത്തിന്റെ അഭാവം ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടിയാണ്.
കാലിലെ പരിക്കു കാരണം 33കാരനായ ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല. നവംബറില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ആസ്‌ട്രേലിയക്കെതിരെയാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. കാലിലെ വേദന സഹിച്ചാണ് ലോകകപ്പ് മത്സരങ്ങള്‍ കളിച്ചത്. ജനുവരി അവസാന ആഴ്ചയില്‍ ലണ്ടനിലെത്തി ഇടതു കണങ്കാലില്‍ പ്രത്യേക കുത്തിവെപ്പ് എടുത്തിരുന്നു. കുത്തിവെപ്പ് ഫലം കാണാതിരുന്നതോടെയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.
ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി ആരാധകരുടെ മനംകവര്‍ന്നിരുന്നു താരം. ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകള്‍ നേടി ടൂര്‍ണമെന്റിലെ വിക്കറ്റുവേട്ടക്കാരില്‍ ഒന്നാമനായി. താരത്തിന് അര്‍ജുന പുരസ്‌കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്. താരത്തിന് ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളും നഷ്ടമായേക്കും. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഷമി ടീമിലേക്കു മടങ്ങിയെത്താനാണു സാധ്യത.