ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും തകര്‍ച്ച
മുംബൈ: ഇന്ത്യന്‍ രൂപ ചൊവ്വാഴ്ചയും വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. ആറ് പൈസ നഷ്ടത്തോടെയാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം. ചൊവ്വവാഴ്ച രാവിലെ 85.59 രൂപയിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 85.53ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്.
ഡോളര്‍ ഇന്‍ഡക്‌സ് ഇന്നും നേട്ടം രേഖപ്പെടുത്തി. 108ലാണ് ഡോളര്‍ ഇന്‍ഡക്‌സിന്റെ വ്യാപാരം. ഭൂരിപക്ഷം ഏഷ്യന്‍ കറന്‍സികളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. തായ് ബാത്ത് 0.7 ശതമാനമാണ് ഇടിഞ്ഞത്.ഒരു മാസത്തിനിടെ രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷത്തിനിടയിലെ ഒരു മാസത്തിനിടയിലെ രൂപയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.
പലിശനിരക്കുകളില്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിലപാടും ഇതിനൊപ്പം യു.എസിന്റെ പുതിയ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ സംബന്ധിച്ച പ്രതീക്ഷകളും ഡോളറിന്റെ മൂല്യത്തെ സ്വാധീനിക്കുണ്ട്.
ഈ മാസം മാത്രം ഡോളര്‍ ഇന്‍ഡക്‌സില്‍ രണ്ട് ശതമാനം നേട്ടമുണ്ടായി. 10 വര്‍ഷത്തെ യു.എസ് ട്രഷറി വരുമാനം ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണമായി. ട്രഷറി വരുമാനം 35 ബേസിക് പോയിന്റാണ് ഉയര്‍ന്നത്.