ഇന്ത്യയുടെ കമനീയ വസ്ത്ര വൈവിധ്യം കൺമുന്നിൽ
തൈക്കാട് പോലീസ് ഗ്രൗണ്ടിൽ സ്ത്രീകളുടെ തിരക്ക്
തിരുവനന്തപുരം: രാജ്യത്തിന്റെ വസ്ത്ര സംസ്കാരം ലോകത്തിന് പരിചയപ്പെടുത്തുന്ന ആവാധ് ഗ്രാമോദ്യോഗ സമിതി കേരളത്തിലാദ്യമായി അവതരിപ്പിക്കുന്ന വസ്ത്ര പ്രദർശന മേളയ്ക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി.
ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 99-ഓളം വസ്ത്രോൽപാദകരെ അണിനിരത്തി കോട്ടൺ ഫാബ് എന്ന പേരിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടൺ, സെമി സിൽക്ക് വസ്ത്രങ്ങളുടെ ശേഖരം, സമ്പൽപ്പൂരി, ചന്ദേരി, കാശി, ബംഗാൾ കാന്ത്, ഗുജറാത്ത് ആജാരക്, രാജസ്ഥാനിലെ പുത്താന തുണിത്തരങ്ങൾ, സാരി, ഡ്രസ് മെറ്റീരിയൽസ്, കുർത്തി, സൽവാർ കമ്മീസ്, ഗൃഹോപകരണങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കിയിരിക്കുന്ന മേളയിൽ സ്ത്രീകളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തൈക്കാട് പോലീസ് ഗ്രൗണ്ടിൽ 20,000 അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളുകളിൽ ഉൽപാദകരിൽ നിന്ന് തുച്ഛമായ വിലയിൽ കമനീയമായ വസ്ത്രശേഖരം നേരിട്ടു വാങ്ങാൻ അവസരമുണ്ട്. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന മേള രാത്രി പത്തര വരെ നീളും. പ്രവേശനം സൗജന്യമാണ്.
ബീഹാറിലെ പാടലീപുത്രയിൽ നിന്നുള്ള വസ്ത്രോല്പാദകർ വൈൽഡ് സിൽക്ക് വിഭാഗത്തിലുള്ള തുണിത്തരങ്ങളാണ് എത്തിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ നിറങ്ങൾ ചേർന്ന അസം വീവ്‌സ്, തെലങ്കാന പോച്ചംപള്ളി, ആന്ധ്രയുടെ കലംകാരി മംഗളഗിരി തുണിത്തരങ്ങൾ മേളയുടെ ആകർഷണങ്ങളാണ്.
മധ്യപ്രദേശിലെ മഹേശ്വരി, രാജസ്ഥാൻ കോട്ടധോരിയ, പശ്ചിമ ബംഗാളിലെ ധാക്കയ് ജംദാനി, മണിപ്പൂരി സാരി തുടങ്ങിയ പരമ്പരാഗത വസ്ത്ര ശ്രേണികളും കോട്ടൺ ഫാബ് മേളയിലുണ്ട്. ബ്രൈറ്റ് നിറങ്ങളും മിറർ വർക്കുകളുമുള്ള ഗുജറാത്തിൽ നിന്നുള്ള ബന്ധെജ്, കച്ച് എംബ്രോയിഡറി, ലഖ്‌നൗവിലെ ചിക്കൻ എംബ്രോയ്ഡറിയുള്ള കാശിധാരി, കാശ്മീരിൽ നിന്നുള്ള വസ്ത്രോൽപാദകർ മേളയിലെത്തിച്ചിരിക്കുന്നത് സൂചിയിൽ നൂൽകോർത്ത് കൈകൊണ്ട് തുന്നിയെടുത്ത കാശിത, ഇലകൾ ഉപയോഗിച്ചുള്ള ചിനാർകി പാട്ടി, കാശ്മീർ താഴ് വരയിൽ നിന്നുള്ള പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഗടി കെ ഫൂൽ എന്നിവയാണ്. ഈ തുണിത്തരങ്ങൾ കാണാനും വാങ്ങാനും തിരക്കുണ്ട്.
എല്ലാ പ്രായത്തിലുമുള്ളവർക്ക് അനുയോജ്യമായ കണ്ടംപററി ഡിസൈൻ, നിറങ്ങൾ എന്നിവയിൽ ഇവ ലഭ്യമാണ്. ഹാൻഡ്‌ലൂം കോട്ടൺ, സിൽക്ക് തുണിത്തരങ്ങളുടെ വ്യത്യസ്തമാർന്ന മോഡലുകളും വിൽപ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. ഒക്ടോബർ മൂന്നുവരെയാണ് പ്രദർശനം.