കേരളത്തിന് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി, സ്ഥാപിക്കുന്നത് പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിൽ
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച പന്ത്രണ്ട് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികളിൽ ഇടംപിടിച്ച് പാലക്കാട്. ഗ്രീന്‍ഫീല്‍ഡ് വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത്. ആകെ മൊത്തം 28,602 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്‌പുര-പട്യാല, മഹാരാഷ്ട്രയിലെ ദിഗി, കേരളത്തിലെ പാലക്കാട്, യുപിയിലെ ആഗ്ര, പ്രയാഗ്‌രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രാപ്രദേശിലെ ഒർവക്കൽ, കൊപ്പർത്തി, ജോധ്പൂർ-പാലി തുടങ്ങിയിടങ്ങളിലാണ് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ നിർമ്മിക്കുക.
കോയമ്പത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്ക് അന്തിമ കേന്ദ്ര അനുമതി നൽകണമെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ ഓഗസ്റ്റ് ആദ്യവാരം തന്നെ പാർലമെന്റിൽ റൂൾ 377 ആവശ്യപ്പെട്ടിരുന്നു. ചെന്നൈ ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന് 2019 ലെ ദേശീയ വ്യവസായിക ഇടനാഴി വികസനത്തിൻ്റെ ഭാഗമായി തീരുമാനിച്ചിരുന്നു. വികസന മുൻഗണനാ നോഡായി കേരളത്തിലെ പാലക്കാട് വ്യവസായ മേഖലയിലെ ഏകദേശം 1710 ഏക്കർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചി ട്ടുണ്ട്. ദേശീയ വ്യവസായിക ഇടനാഴി വർദ്ധിപ്പിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്.ഈ പദ്ധതിയുടെ ഭാഗമായി പാലക്കാട് ഒരു ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് ഇംപ്ലിമെൻ്റ് ട്രസ്റ്റ് ഇതിനോടകം 3815 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് ആവശ്യമായ 1710 ഏക്കർ ഭൂമിയിൽ പുതുശ്ശേരി സെൻട്രലിലും, കണ്ണമ്പ്ര യിലുമായി 1273 ഏക്കർ ഭൂമി 1344 കോടി രൂപ ചെലവഴിച്ച് ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്നും കേന്ദ്രസർക്കാർ നടപടികൾ വേഗത്തിൽ ആക്കണമെന്നും സബ്മിഷനിൽ വി.കെ ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടിരുന്നു.
അതേസമയം പാലക്കാട് ഗ്രീൻഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ത്യൻ റെയിൽവേയിൽ രണ്ട് പുതിയ ലൈനുകൾക്കും ഒരു മൾട്ടി-ട്രാക്കിംഗ് പ്രോജക്റ്റിനുമാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. ഈ പദ്ധതികളുടെ ആകെ ചെലവ് 6,456 കോടി രൂപയാണ്. ഈ രണ്ട് പദ്ധതിയിലൂടെ ആകെ മൊത്തം 51000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.