‘എസ്ബിഐ നൽകിയ വിവരങ്ങൾ അപൂർണ്ണം’; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ഇലക്ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. എസ്ബിഐ കോടതിയിൽ നൽകിയ കണക്കുകൾ അപൂർണ്ണമാണെന്നും നൽകിയ രേഖകൾക്ക് പുറമേ ഇലക്ടറൽ ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തണമെന്നും സുപ്രീം കോടതി. രേഖയിൽ സീരിയൽ നമ്പറുകൾ ഉൾപ്പെടുത്താത്തതും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെതാണ് ഉത്തരവ്.
“എസ്ബിഐയ്ക്കു വേണ്ടി ആരാണ് ഹാജരാകുന്നത്? ബോണ്ട് നമ്പറുകൾ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല, ഇത് വെളിപ്പെടുത്തിയെ മതിയാകൂ” ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വാദത്തിൻ്റെ തുടക്കത്തിൽ പറഞ്ഞു. 15 ന് വൈകിട്ട് 5 മണിക്കുള്ളിൽ കമ്മിഷന്റെ വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതി നിർദേശം. ഇതനുസരിച്ച് എസ്ബിഐ കൈമാറിയ തെരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങൾ കമ്മിഷൻ ഇന്നലെ രാത്രിയോടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.