വന്ദേഭാരതിലെ സാമ്പാറില്‍ പ്രാണി; ജീരകമെന്ന് ന്യായീകരണം, മാപ്പ് പറഞ്ഞ് റെയിൽവേ, പിഴ നൽകി ഏജൻസി
ചെന്നൈ: ട്രെയിന്‍ യാത്രക്കിടെ സാമ്പാറില്‍ നിന്നും പ്രാണികളെ ലഭിച്ച സംഭവത്തില്‍ യാത്രക്കാരനോട് ക്ഷമാപണവുമായി ദക്ഷിണ റെയില്‍വേ.
സാമ്പാറിലൂടെ ഓടിനടക്കുന്ന കറുത്ത പ്രാണികളുടെ ദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ക്ഷമാപണവുമായി റെയില്‍വേ രംഗത്തെത്തിയത്. ഭക്ഷണം വിതരണം ചെയ്ത ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സിന് 50,000 രൂപ പിഴയും ചുമത്തി. തിരുനെല്‍വേലി-ചെന്നൈ എഗ്മോര്‍ വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം. യാത്രയും ട്രെയിന്‍ സര്‍വീസും മെച്ചപ്പെട്ടതായിരുന്നുവെങ്കിലും വിതരണം ചെയ്ത ഭക്ഷണം മോശമായിരുന്നുവെന്നാണ് യാത്രക്കാരുടെ പ്രതികരണം. ശനിയാഴ്ച രാവിലെ മധുരയില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിലാണ് പ്രാണികളെ കണ്ടെത്തിയത്. യുവാവ് ആദ്യം അധികൃതരോട് പരാതി നല്‍കിയെങ്കിലും അത് പ്രാണിയല്ലെന്നും ജീരകമാണെന്നുമായിരുന്നു പ്രതികരണം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീരകമെന്ന വാദം റെയില്‍വേക്ക് മാറ്റി പറയേണ്ടി വന്നു.