ആർ.എൽ.വി രാമകൃഷ്ണനെതിരെ അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട നർത്തകനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെതിരെ അധിക്ഷേപ പ്രയോഗം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പട്ടികജാതി വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കും. ജാതി അധിക്ഷേപത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ, പ്രതികരണം തേടിയ മാധ്യമങ്ങളോട് വീണ്ടും വംശീയ, ജാതീയധിക്ഷേപം ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണിത്. സത്യഭാമ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖവും പിന്നീട് മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണവും വിശദമായി പരിശോധിച്ച ശേഷം ഏതൊക്കെ വകുപ്പുകളാണ് ഉൾപ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷമാകും കേസെടുക്കുക. അതേസമയം, അറസ്റ്റ് നടപടികളിലേക്ക് പോകാനിടയില്ലെന്നാണ് വിവരം. സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അതിരൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. സത്യഭാമയ്ക്കെതിരെ കേസെടുക്കണമെന്ന് ദളിത് കോൺഗ്രസ് ഉൾപ്പെടെ വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു അഭിമുഖത്തിൽ സത്യഭാമ പരാമർശം നടത്തിയത്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ ഇന്നലെ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോട് തട്ടിക്കയറുകയും അധിക്ഷേപ പരാമർശങ്ങൾ സത്യഭാമ ആവർത്തിക്കുകയും ചെയ്തു. അതേസമയം, നേരത്തെയും സത്യഭാമ അധിക്ഷേപിച്ചിട്ടുണ്ടെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പ്രതികരിച്ച ആർ.എൽ.വി രാമകൃഷ്ണൻ ജയിലിൽ പോകേണ്ടിവന്നാലും പോരാട്ടം തുടരുമെന്നും പ്രതികരിച്ചു. കേസിന് പോയാല്‍ പോട്ടെയെന്നും ആരെയും ജാതീ അധിക്ഷേപം നടത്തിയിട്ടില്ലെന്നും മറുപടി പറഞ്ഞ സത്യഭാമ, പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോഴെന്ന് പറഞ്ഞും അധിക്ഷേപം തുടർന്നുവെന്നതാണ് ശ്രദ്ധേയം.
താൻ പറഞ്ഞതു തന്റെ അഭിപ്രായമാണെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നുമായിരുന്നു ഇന്നലെ സത്യഭാമ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘‘മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി, ആണായാലും പെണ്ണായാലും ഒരു മോഹിനിയായിരിക്കണം. ഒരിക്കലും മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാകില്ലല്ലോ? മോഹിനിയാട്ടം എന്നാണു പേരു തന്നെ. ഒരു മോഹിനിയാകുമ്പോൾ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. ഞങ്ങളെ പോലെ ഉള്ളവർ എന്താ സൗന്ദര്യ മത്സരത്തിനു പോകാത്തത്? അതിന് അത്യാവശ്യം സൗന്ദര്യവും നിറവുമൊക്കെ വേണം. തീരെ കറുത്ത കുട്ടികൾക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? എത്ര ചാനലുകാർ വന്നാലും ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു.
കറുത്ത ആൾക്കാർ കളിക്കാൻ പാടില്ലെന്നില്ല. അതു പെൺകുട്ടികളാണെങ്കിൽ കുഴപ്പമില്ല. ആൺകുട്ടികളാണെങ്കിൽ എന്റെ അഭിപ്രായത്തിൽ കുറച്ചു സൗന്ദര്യം വേണം. ഞാൻ പൊതു അഭിപ്രായമാണു പറഞ്ഞത്. ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ എടുത്തു കൊണ്ടു വാ’’– സത്യഭാമ പറഞ്ഞു.
അഭിമുഖത്തിൽ ‘അയാൾ’ എന്ന് ഉദ്ദേശിച്ചത് ആരെയാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, അത് ആരോ ആയിക്കട്ടെ, നിങ്ങൾ എന്തിനാണ് അറിയുന്നത് എന്നായിരുന്നു സത്യഭാമയുടെ മറുചോദ്യം. ‘‘ഏതോ ഒരാൾ എന്നു വിചാരിച്ചോളൂ, ഞാൻ ആരുടെയും പേരു പറഞ്ഞിട്ടില്ലല്ലോ. നിങ്ങൾ എന്തിനാണു കുത്തിക്കുത്തി ചോദിക്കുന്നത്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. ജാതി പറഞ്ഞിട്ടില്ല, മതം പറഞ്ഞിട്ടില്ല’’– സത്യഭാമ കൂട്ടിച്ചേർത്തു. തന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുമ്പോൾ ഇനിയും സംസാരിക്കുമെന്നും പറഞ്ഞതിൽ കുറ്റബോധമില്ലെന്നും സത്യഭാമ വ്യക്തമാക്കി. ‘‘കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം കൊടുക്കും എന്നാൽ മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്പോ സൗന്ദര്യത്തിന് ഒരു കോളം ഉണ്ട്, അവർ മാർക്കിടില്ല എന്നു പറയും’’– സത്യഭാമ പറഞ്ഞു.