12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണം, ഇടക്കാലാശ്വാസം അനുവദിക്കണം; ചവറ ജയകുമാർ
തിരുവനന്തപുരം: അതിരൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻജിഒ അസോസിയേഷൻ ഡി. എച്ച്.എസ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് വർഷം പിന്നിടുമ്പോഴും സർക്കാർ ജീവനക്കാരോട് അവഗണനമാത്രമാണ് സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാർ
കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജൂലൈ 1ന് നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണം നാളിതുവരെ കമ്മീഷനെ പോലും നിയമിക്കാതെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിക്കുകയാണ്. ആറു ഗഡു ഡി.എ ആണ് കുടിശ്ശികയാക്കിയിരിക്കുന്നത്. പതിനൊന്നാം ശമ്പളഷ്കരണത്തിന്റെ കുടിശ്ശിക നാളിതുവരെ നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷമായി കുട്ടികളുടെ സ്കൂൾ പ്രവേശന ചിലവനായി ജീവനക്കാർ കരുതിയിരുന്ന ലീവ് സറണ്ടർ നൽകുന്നില്ല. ശമ്പളം പിടിച്ചെടുക്കാനായി ജീവാനന്ദം എന്ന പേരിൽ വികലമായ പെൻഷൻ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. സർക്കാരിന്റെ ധൂർത്തിലും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് ഖജനാവ് കാലിയാക്കിത്തീർക്കുന്നത്. ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന സമീപനമാണ് സർക്കാരിൻ്റേത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കണം. കുറ്റമറ്റ രീതിയിൽ ഓൺലൈൻ സ്ഥലം മാറ്റം നടപ്പിലാക്കണം. ആരോഗ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ജീവൻ പണയം വെച്ചും ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ ജോലി സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
എസ്. നൗഷാദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി.ഒ.ശ്രീകുമാർ,
വി.എസ് രാഘേഷ്, ജോർജ്ജ് ആന്റണി, ഷൈജി ഷൈൻ, രാജേഷ്.പി, സതീഷ് കുമാർ, സനിൽകുമാർ, റജി.എസ് സുനിൽ, എസ് .വി ബിജു ,ബി എൻ ഷൈൻകുമാർ, എൻ ആർ ഷിബി,അഹമ്മദ് സബീർ, സുധീർകുമാർ ബിനു എന്നിവർ സംസാരിച്ചു.