അന്താരാഷ്ട്ര കായിക ഉച്ചകോടി മുന്നൊരുക്ക പരിപാടികൾ 12ന് തുടങ്ങും
ടൂർ ഡി കേരള സൈക്ലത്തോണും റോഡ് ഷോയും 12ന് ആരംഭിക്കും.
കേരളം ഒരുമിച്ചു നടക്കും കെ വാക്ക് 22ന്
തിരുവനന്തപുരം: ഈ മാസം 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്ക പരിപാടികൾ 12ന് ആരംഭിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ടൂർ ഡി കേരള സൈക്ലത്തോണും റോഡ് ഷോയുമാണ് പ്രധാന പരിപാടി. ഇത് 12ന് കാസർകോട് നിന്നാരംഭിച്ച് 23ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേരളം ഒരുമിച്ച് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കെ-വാക്ക് എന്ന മെഗാ വാക്കത്തോൺ 22നാണ്. കേരളത്തിന്റെ തനത് കായിക രൂപങ്ങളെ ആസ്പദമാക്കി ഹൈബ്രിഡ് ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.
ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കായിക കലാ രൂപങ്ങൾ സമന്വയിക്കുന്ന സാംസ്ക്കാരിക പ്രകടനവും ഉദ്ഘാടന ദിവസം അരങ്ങേറും. സ്പോർട്സ് പ്രധാന പ്രമേയമായ മ്യൂസിക് ബാൻഡിന്റെ പ്രകടനവും ഉണ്ടാകും.
കായിക ഉച്ചകോടിയോട് അനുബന്ധിച്ച് ആസൂത്രണം ചെയ്ത് വെബിനാർ പരമ്പരയ്ക്കും തുടക്കമായി. 15 ദിവസം നീളുന്ന ഓൺലൈൻ സെമിനാറുകൾ എല്ലാ ദിവസവും വൈകീട്ട് 7നാണ് നടന്നു വരുന്നത്.
1000ൽ അധികം പദ്ധതി നിർദേശങ്ങൾ സമ്മിറ്റിൽ അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിൻ്റെ കായിക രംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും അന്താരാഷ്ട്ര കായിക സമ്മേളനം ലക്ഷ്യം വയ്ക്കുന്നു. കേരളത്തിൻ്റെ കായിക മേഖലയിൽ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്പര്യമുള്ള മുഴുവൻ സ്ഥാപനങ്ങളെയും, വ്യക്തികളെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിൻ്റെ പുതിയ കായിക നയം കാതലായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ്. കായിക മികവിൻ്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കുക, കായിക സമ്പദ്ഘടന വികസിപ്പിക്കുക എന്നതാണ് പുതിയ കായിക നയത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം സ്പോർട്സ് ഇക്കോണമി വികസിപ്പിക്കുന്നത്. എല്ലാ മേഖലകളുടെയും, വിഭാഗങ്ങളുടെയും പങ്കാളിത്തം സ്പോർട്സിലേക്ക് കൊണ്ടുവരുന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വികേന്ദ്രീകൃത സ്വഭാവത്തിൽ പദ്ധതി ആസൂത്രണവും, നിർവഹണവും കായിക നയം നിർദ്ദേശിക്കുന്നു. പഞ്ചായത്ത്/ മുൻസിപ്പൽ സ്പോർട്സ് കൗൺസിലുകളുടെ രൂപീകരണം ഈ ലക്ഷ്യത്തോടെയാണ്.
13 വിഷയങ്ങളിലായി 105 ദേശീയ, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന കോൺഫറൻസുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. സ്പോർട്സ് ഇക്കോണമി, സ്പോർട്സ് ഇൻഡസ്ട്രി, വെൽനെസ്, ലീഗുകളും വലിയ ചാമ്പ്യൻഷിപ്പുകളും, ഗ്രാസ്റൂട്ട്സ് ഡെവലപ്മെൻറ്, അക്കാദമികളും ഹൈ പെർഫോർമൻസ് സെൻ്ററുകളും, ഇ സ്പോർട്സ്, സ്പോർട്സ് സയൻസ്, ടെക്നോളജി & എൻജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങൾ തുടങ്ങിയവയാണ് പ്രധാന കോൺഫറൻസ് തീമുകൾ.
റിസർച്ച് പേപ്പറുകളുടെ അവതരണം, സ്റ്റാർട്ടപ്പ് പിച്ച്, ഇൻവെസ്റ്റർ കോൺക്ലേവ്, എക്സിബിഷൻ, ബയർ - സെല്ലർ മീറ്റ്, ഇ സ്പോർട്സ് ഷോക്കേസ്, സ്പോർട്സ് കമ്മ്യൂണിറ്റി നെറ്റ്വർക്കിങ്, സ്പോർട്സ് പ്രമേയമായ സിനിമകളുടെ പ്രദർശനം, ഹെൽത്തി ഫുഡ് ഫെസ്റ്റിവൽ, മോട്ടോർ ഷോ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
ജില്ലാ സ്പോര്ട്സ് കൗൺസിലുകൾ, കായിക അസോസിയേഷനുകൾ എന്നിവ മാസ്റ്റർ പ്ലാനുകൾ അവതരിപ്പിക്കും. ഉച്ചകോടിക്ക് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മിറ്റുകൾ പൂർത്തിയായി. പഞ്ചായത്ത്, മുനിന്നിപ്പൽ തല മൈക്രോ സമ്മിറ്റുകൾ നടന്നു വരികയാണ് . കായിക വിഭവശേഷി മാപ്പിങ് പ്രക്രിയക്കും തുടക്കമായി.