തൃശൂർ നഗരത്തെ ഇളക്കി മറിച്ച് ഐഎൻടിയുസി മഹാറാലി
തൃശൂർ: സംഘടിത തൊഴിലാളി വർഗത്തിന്റെ കരുത്തറിയിച്ച് ലീഡർ കെ കരുണാകരന്റെ തട്ടകത്തിൽ ഐഎൻടിയുസി തൊഴിലാളികളുടെ പടു കൂറ്റൻ റാലി. വിവിധ ജില്ലകളിൽ നിന്നെത്തിയ പതിനായിരങ്ങൾ പങ്കെടുത്ത റാലി ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകളെടുത്തു. വാദ്യഘോഷങ്ങളും കലാരൂപങ്ങളും പുലികളും തിരുവാതിരയും ഗാനമേളയുമൊക്കെയായി പൂരനഗരിയെ ഉത്സവപ്പറമ്പാക്കിയാണ് സമ്മേളനം സമാപിച്ചത്.ശക്തൻ ബസ് സ്റ്റാൻഡിനു മുന്നിൽ വച്ച് ഐഎൻടിയുസി പതാക പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസിഡന്റ് ആർ ചന്ദ്രശേഖരനു കൈമാറി. ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂർ, ഐഎൻടിയുസി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, വനിതാ- യൂത്ത് വിഭാഗം നേതാക്കൾ തുടങ്ങിയവർ അണിനിരന്നു.വൈകുന്നേരം തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ നടന്ന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. സഞ്ജീവ റെഡ്ഡി ഭദ്ര ദീപം തെളിയിച്ചു. പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. രാജ്യത്തെ തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കോൺഗ്രസ് ഗവണ്മെന്റുകൾ സ്വീകരിച്ച നടപടികൾ അദ്ദേഹം എടുത്തു പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ നരേന്ദ്ര മോദി സർക്കാർ അതെല്ലാം പാടേ അട്ടിമറിച്ചു.മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലും അട്ടിമറിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബഹന്നാൻ എംപി, രമ്യ ഹരിദാസ് എംപി, ടി.എൻ. പ്രതാപൻ എംപി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, പി.സി. വിഷ്ണു നാഥ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനറും ജില്ലാ പ്രസിഡന്റുമായ സുന്ദരൻ കുന്നത്തുള്ളി സ്വാഗതം പറഞ്ഞു. നാളെ രാവിലെ 10നു നടക്കുന്ന പ്രതിനിധി സമ്മേളനത്തോടെ സമ്മേളനം സമാപിക്കും.