അധിനിവേശ സസ്യങ്ങളും ജീവികളും : ലോകത്തിനുണ്ടാകുന്നത് വൻനഷ്ടം, ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണി
അധിനിവേശ സസ്യങ്ങളും ജീവികളും ചേർന്ന് ഒരു വർഷത്തിൽ ലോകത്തിനുണ്ടാക്കുന്ന നഷ്ടം 35 ലക്ഷം കോടി രൂപയാണെന്ന് കണക്കുകൾ. ഓരോ പത്തുവർഷത്തിലും ഈ നഷ്ടം നാലിരട്ടിയായി വർധിക്കുന്നുമുണ്ട്.മ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്കും അധിനിവേശം ഭീഷണിയാണെന്ന് പഠനങ്ങൾ പറയുന്നു.ഇന്ത്യയിലും കേരളത്തിലും അധിനിവേശ സസ്യങ്ങളും ജീവികളും മേൽപ്പറഞ്ഞ മേഖലകളിൽ നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്. ലോകത്തു വ്യാപകമായി കാണുന്ന 10 അധിനിവേശ സസ്യങ്ങളിൽ ഏഴെണ്ണമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. കമ്യൂണിസ്റ്റ് പച്ച, റുബീനിയ, മട്ടിപ്പൊങ്ങില്യം,കടലാവണക്ക്, ഇപ്പിൾ, കൊങ്ങിണിച്ചെടി ,കുളവാഴ എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന അധിനിവേശ സസ്യങ്ങൾ. കുളവാഴ, ഇപ്പിൾ, കൊങ്ങിണിച്ചെടി,കടലാവണക്ക്, കമ്യൂണിസ്റ്റ് പച്ച എന്നിവ കേരളത്തിലുമുണ്ട്. ആഗോളതലത്തിൽ ഏറ്റവും ദോഷഫലങ്ങൾ ഉണ്ടാക്കുന്നതെന്നു കരുതുന്ന പത്തിനം അധിനിവേശ ജാതികളിൽ അഞ്ചെണ്ണം കേരളത്തിലുണ്ട്. കോമൺ കാർപ്പ് മത്സ്യം, ആഫ്രിക്കൻ ഒച്ചുകൾ, പഴയീച്ച, കുളവാഴ ,മരച്ചീനിയിലെ മിലിബഗ്ഗ് എന്നിവയാണ് ആ ജാതികൾ. ധൃതരാഷ്ട്രപച്ച ഉൾപ്പെടെയുള്ള മറ്റു ചില അധിനിവേശ സസ്യങ്ങളും കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. അധിനിവേശ സസ്യങ്ങൾ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങളുടെ മൂല കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കമ്യൂണിസ്റ്റ് പച്ചയും കൊങ്ങിണിച്ചെടിയുമൊക്കെ കാട്ടിൽ വ്യാപകമായി വളർന്നതോടെ ആനയ്ക്കും മറ്റും തീറ്റയാകുന്ന സസ്യങ്ങൾ കുറഞ്ഞു.ഈറ്റയെ മറികടന്ന് ധൃതരാഷ്ട്ര പച്ച വളർന്നപ്പോൾ ആദിവാസികളുടെ തൊഴിലും നഷ്ടപ്പെടുതുടങ്ങിയിരിക്കുന്നു.