പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ അന്വേഷണം തുടങ്ങി
ഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ അന്വേഷണം തുടങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പേടിഎമ്മുമായി ബന്ധപ്പെട്ട് ആര്‍.ബി.ഐയില്‍നിന്നും ഇ.ഡി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഈ മാസം ആദ്യം പേടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നാണ് സൂചന. റിസര്‍വ് ബാങ്കില്‍ നിന്ന് ഉള്‍പ്പടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രം ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ് തുടര്‍ നടപടി സ്വീകരിക്കുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വാര്‍ത്തകളോട് പ്രതികരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ പേടിഎമ്മോ തയാറായിട്ടില്ല.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി 29 മുതല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്. പേടിഎം ബാങ്കിന്റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നുമൊക്കെ ആര്‍.ബി.ഐ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.