സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയാന്‍ അന്വേഷണ കമ്മിറ്റി
തൃശൂര്‍: ചലചിത്ര താരം സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപവല്‍കരിച്ചു. കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയണമെന്ന് ഇന്നലെ തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടിരുന്നു. ലൂര്‍ദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കൗണ്‍സിലര്‍ ലീല വര്‍ഗീസ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് അന്വേഷണ കമ്മിറ്റി രൂപവല്‍കരിച്ചത്. പള്ളി വികാരിയുള്‍പ്പെടെ അഞ്ചംഗ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്.
സ്വര്‍ണക്കിരീടം എന്ന പേരില്‍ ചെമ്പില്‍ സ്വര്‍ണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്തുവന്നത്. ലൂര്‍ദ് മാതാവിനു എത്രയോ പവന്റെ സ്വര്‍ണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പില്‍ സ്വര്‍ണം പൂശിയതായാണ് ഇടവകയില്‍ വരുന്ന പൊതുജനങ്ങള്‍ പറഞ്ഞറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ കിരീടം എത്ര പവനാണെന്നറിയാന്‍ പൊതുജനങ്ങള്‍ക്കു താല്‍പര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ടെന്നന് ലീല വര്‍ഗീസ് പറഞ്ഞു.
മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തി പള്ളിയില്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നും അതി െന്റ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. മാതാവിന്റെ രൂപത്തില്‍ അണിയിച്ച കിരീടം അല്‍പസമയത്തിനകം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നിരുന്നു.