‘ബിജെപിയിലേക്ക് ക്ഷണം, ഓഫർ നിരസിച്ചതിന് പിന്നാലെ ഇഡി റെയ്ഡ്’; ആരോപണവുമായി കോൺഗ്രസ് എംഎൽഎ
കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായി കോൺഗ്രസ് എംഎൽഎ അംബ പ്രസാദിൻ്റെ ജാർഖണ്ഡിലെ ഹസാരിബാഗിലെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ്.
2023ൽ സെൻട്രൽ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയുടെ റാഞ്ചി സോണൽ ഓഫീസിൽ ലഭിച്ച കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കും ബിജെപിക്കുമെതിരെ ആരോപണവുമായി അംബ പ്രസാദ് രംഗത്തെത്തി. ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി ഹസാരിബാഗ് ജില്ലയിലെ ബർകഗാവ് മണ്ഡലത്തിലെ എംഎൽഎ വെളിപ്പെടുത്തി.
“വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ നിന്ന് താമര ചിഹ്നത്തിൽ മത്സരിക്കാൻ ബിജെപിയിൽ നിന്ന് ക്ഷണം ലഭിച്ചു. എന്നാൽ ഞാൻ അത് നിരസിച്ചു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. അതിരാവിലെ തന്നെ ഇഡി സംഘമെത്തി. ഒരു ദിവസം മുഴുവൻ മാനസിക പീഡനമായിരുന്നു. അവർ എന്നെ മണിക്കൂറുകളോളം ഒരു സ്ഥലത്ത് തന്നെ നിർത്തി. ഛത്രയിൽ നിന്ന് മത്സരിക്കാൻ ആർഎസ്എസ് നേതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു”-കോൺഗ്രസ് എംഎൽഎ ആരോപിച്ചു.
“ഞാൻ ഈ ഓഫറും നിരസിച്ചു. ഹസാരിബാഗിലെ ശക്തമായ സ്ഥാനാർത്ഥിയാണെന്ന് ഞാൻ എന്ന് ബിജെപിക്ക് അറിയാം. കോൺഗ്രസ് തുടർച്ചയായി വിജയിക്കുന്ന സീറ്റാണ് ബർകഗാവ്. ഞാൻ കോൺഗ്രസുകാരിയാണ്. അതിനാലാണ് വേട്ടയാടപ്പെടുന്നത്”-അംബ പ്രസാദ് കൂട്ടിച്ചേർത്തു.
"ഞാൻ അകത്ത് ഇല്ലാതിരുന്നതിനാൽ റെയ്ഡിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. മാധ്യമപ്രവർത്തകർ വഴിയാണ് ഞാൻ അത് അറിഞ്ഞത്. ഞാൻ ഇനി രാഷ്ട്രീയത്തിൽ ഇല്ല. എൻ്റെ മകളോട് രാഷ്ട്രീയം വിടാൻ ഞാൻ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള മനോവീര്യം തകർക്കാനാണ് ഇഡി റെയ്ഡുകൾ നടത്തുന്നത്, ” കോൺഗ്രസ് നിയമസഭാംഗം അംബ പ്രസാദിൻ്റെ അമ്മ നിർമല ദേവി പറഞ്ഞു.