ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് തക്ക മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍
തെഹ്‌റാന്‍: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ''ഞങ്ങള്‍ യുദ്ധത്തിനില്ല, പക്ഷേ എന്നാല്‍ രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തക്ക മറുപടി നല്‍കും. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് സാഹചര്യം മാറും'' -പെസഷ്‌കിയാന്‍ വ്യക്തമാക്കി.
ഇസ്രായേലിന് കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസാണെന്നും പെസഷ്‌കിയാന്‍ വിമര്‍ശിച്ചു. ഉചിതമായ സമയത്ത് ഇസ്രായേലിന് മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു.
ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുതെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. ''ഇസ്രായേല്‍ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ തകര്‍ക്കണം. ഇറാന്‍ യുവതയുടെയും രാജ്യത്തിന്റെയും കരുത്തും ഇച്ഛാശക്തിയും അവര്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ നിറവേറ്റുന്ന നടപടികള്‍ സ്വീകരിക്കേണ്ടത് അധികാരികളാണ്'' -അദ്ദേഹം പറഞ്ഞു.
അതിനിടെ ഖാംനഈ ഹീബ്രുവില്‍ ട്വീറ്റ് ചെയ്യാന്‍ ഉപയോക്കുന്ന അക്കൗണ്ട് സമൂഹമാധ്യമമായ എക്‌സ് സസ്‌പെന്‍ഡ് ചെയ്തു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ പ്രതികരിച്ചുകൊണ്ട് ഖാംനഈ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. 'സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്തു. ഇറാനെക്കുറിച്ച് അവര്‍ക്കുള്ള കണക്കൂട്ടലുകള്‍ തെറ്റിയിരിക്കുന്നു. ഇറാന്റെ ശക്തിയും ശേഷിയും സംവിധാനങ്ങളും എന്താണെന്ന് ഞങ്ങള്‍ മനസിലാക്കിക്കൊടുക്കും' - എന്നിങ്ങനെയായിരുന്നു ഖാംനഈ എക്‌സില്‍ കുറിച്ചത്.
ഇസ്രായേലില്‍ ഏറ്റവും ഉപയോഗത്തിലുള്ള ഭാഷയാണ് ഹീബ്രു. ഇറാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ചയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. @ഗവമാലിലശബഒലയ എന്ന എക്‌സ് അക്കൗണ്ടുവഴിയാണ് ഖാംനഈ ഹീബ്രുവില്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഈ അക്കൗണ്ട്, എക്‌സിന്റെ ചട്ടങ്ങള്‍ ലംഘിച്ചു എന്നുകാണിച്ച് സസ്‌പെന്‍ഡ് ചെയ്ത നിലയിലാണുള്ളത്. എന്നാല്‍ ഖാംനഈയുടെ പ്രധാന എക്‌സ് അക്കൗണ്ട് ഇപ്പോഴും ആക്ടീവാണ്.
അതേസമയം, ആക്രമണം എല്ലാ ലക്ഷ്യങ്ങളും നേടിയതായും ഇറാനെ ഏറെ ദോഷകരമായി ബാധിച്ചുവെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. ഇരുപത് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ഒരു പരിധിവരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് കേന്ദ്രങ്ങളിലാണ് ചെറിയ നാശനഷ്ടമുണ്ടായത്. നാല് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു