For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇരാറ്റിന്‍പുറം: വശ്യതയില്‍ ഒളിഞ്ഞിരിക്കുന്ന അപകടക്കെണി

01:51 PM Oct 15, 2024 IST | Online Desk
ഇരാറ്റിന്‍പുറം  വശ്യതയില്‍ ഒളിഞ്ഞിരിക്കുന്ന അപകടക്കെണി
Advertisement

നെയ്യാറ്റിന്‍കര/ തിരുവനന്തപുരം: നെയ്യറ്റിന്‍കര ഈരാറ്റിന്‍ പുറത്ത് നെയ്യാറില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിക്കാണ് വിഷ്ണുവിന്റെ മൃതദേഹം സ്‌കൂബ ടീമിന്റെ സഹായത്തോടെ കണ്ടെടുത്തത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടിയില്‍ ഇരാറ്റിന്‍പുറത്തു നിന്നും ലഭിക്കുന്ന എട്ടാമത്തെ മൃതദേഹമാണ് വിഷ്ണുവിന്റേത്. വശ്യമനോഹാരിതയില്‍ ഏവരുടേയും മനംകുളിര്‍പ്പിക്കുന്ന ദൃശ്യവിരുന്നാണ് ഈരാറ്റിന്‍പുറത്ത്. നെയ്യാറ്റിന്‍കര നഗരസഭയിലാണ് ഈരാറ്റിന്‍പുറം. പാറക്കൂട്ടങ്ങളുടെ അകമ്പടികളോടെ ചാരുതയാര്‍ന്ന ഇവിടം സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ട് വളരെ കുറച്ചു കാലമേ ആകുന്നുള്ളൂ. എന്നാല്‍ മനോഹാരിതയ്ക്കു പുറമെ ഇവിടെ പതിയിരിക്കുന്ന അപകടങ്ങള്‍ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

Advertisement

2010ല്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ എസ് എസ് ജയകുമാറാണ് ഈരാറ്റിന്‍പുറം ഒരു ടൂറിസ്റ്റ് കേന്ദമാക്കാനുള്ള പ്രൊപ്പോസല്‍ ആദ്യം കൊണ്ട് വന്നത്. അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍ കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും അനുമതി നല്‍കുകയും പദ്ധതിക്കായി 16 കോടി രൂപ അനുവദിക്കുകയും ചെയ്തു. 45 ലക്ഷം രൂപ മുടക്കി മനോഹരമായ നടപ്പാത നിര്‍മ്മിച്ചു. അപകടത്തുരുത്തുകള്‍ ഒഴിവാക്കാനുള്ള കര്‍്മ്മപദ്ധതികളുടെ രൂപരേഖയും നിര്‍മ്മിച്ചിരുന്നു.എന്നാല്‍ പിന്നീടു വന്ന സിപിഎം ഭരണത്തില്‍ യാതൊരു നിര്‍മ്മാണ പ്രവൃത്തികളും നടന്നില്ലെന്നു മാത്രമല്ല, അനുവദിച്ച തുക വിനിയോഗിച്ചുമില്ല. ടൂറിസ്റ്റു കേന്ദമായി ഉയര്‍ന്നു വന്ന ഇവിടം ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞു.

ഇരാറ്റിന്‍പുറം നടപ്പാതയിലൂടെ നടന്ന് താഴെയിറങ്ങി 30 മീറ്ററില്‍ പാറക്കൂട്ടങ്ങളാണ്. ഇതിനു താഴെ കുത്തിയൊലിക്കുന്ന പുഴയാണ്. ഈ പാറക്കൂട്ടങ്ങളിലാണ് അപകടങ്ങള്‍ പതിയിരിക്കുന്നത്. ഇവിടെ വീണ് അപകടത്തില്‍പ്പെട്ടാല്‍ മൃതദേഹം പോലും കണ്ടെടുക്കാന്‍ ആഴ്ചകളോളം വേണ്ടി വരും. 2014ല്‍ ഇവടെ അപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം 9 ദിവസത്തിനു ശേഷമാണ് പാറക്കൂട്ടങ്ങളുടെ ഇടുക്കില്‍ നിന്നും ലഭിച്ചത്. മുന്‍ കരുതലിനായി ബോര്‍ഡുകള്‍ സ്ഥപിക്കണമെന്ന് നിരവധി തവണ വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലീല നഗരസഭ യോഗങ്ങളില്‍ അറിയിച്ചിട്ടും നാളിതുവരെ അത്തരമൊരു ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ നീന്തല്‍ പരിശീലകരെ ഗാര്‍ഡ് ആയി നിയമിക്കണമെന്ന് നിയമം അനുശാസിക്കുമ്പോഴും സിപിഎമ്മിന് കൊടിപിടിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് ഇവിടെ സെക്യൂരിറ്റി. ഇത്രയധികം ആളുകള്‍ മരിച്ചു വീഴുമ്പോഴും ജീവന് ഒരു വിലയും നല്‍കുന്നില്ല. അവധി ദിനങ്ങളിലും അല്ലാതെയും യുവാക്കളുടെ ഒരു നിര തന്നെയാണ് ഇവിടേയ്ക്ക് എത്തുന്നത്. വ്യക്തമായി സ്ഥലങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാനുള്ള വിദഗ്ധര്‍ ഇല്ലാത്തതിനാലാണ് ഇവിടെ അടിക്കടി അപകടങ്ങള്‍ സംഭവിക്കുന്നത്. മരിച്ച വിഷ്ണു അവസാനത്തേതല്ല. ഇനിയും നിരവധിപേര്‍ ഈ അപകടത്തുരുത്തിലേയ്ക്ക് എത്തിക്കൊണ്ടേയിരിക്കും.

Tags :
Author Image

Online Desk

View all posts

Advertisement

.