'ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റുകൊണ്ടല്ല' ; തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ്. ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റല്ല എന്നും അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും രേവതിയുടെ ഭർത്താവ് ഭാസ്ക്‌കർ പറഞ്ഞു.പരാതി പിൻവലിക്കാൻ ഞാൻ തയ്യാറാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന വിവരം പോലീസ് എന്നെ അറിയിച്ചിരുന്നില്ല. എനിക്ക് അതെക്കുറിച്ച് അറിയില്ലായിരുന്നു. സംഭവിച്ചതൊന്നും അല്ലു അർജുന്റെ തെറ്റല്ല- ഭാസ്ക്‌കർ പറഞ്ഞു.
ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ രേവതിയുടെ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.