'എക്സൈസ് വകുപ്പ് കയ്യിലുണ്ടോ? എം ബി രാജേഷിനെ പരിഹസിച്ച് വി ഡി സതീശന്
കോഴിക്കോട്: മദ്യനയ കോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തുവെന്നും എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി എം ബി രാജേഷ് പരിശോധിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. മദ്യനയത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. എന്നാൽ പ്രതിപക്ഷം തെളിവ് ഹാജരാക്കി. വിഷയത്തിൽ ടൂറിസം തിടുക്കം കാട്ടി. ഇക്കാര്യത്തിൽ ആദ്യം നുണ പറഞ്ഞത് മന്ത്രിമാരാണ്. മന്ത്രി എം ബി രാജേഷ് ഇക്കാര്യത്തിൽ മറുപടി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
ഗുണ്ടാ വാഴ്ചയാണ് കേരളത്തിൽ നടക്കുന്നതെന്നും സംസ്ഥാനത്ത് പൊലീസ് ഗുണ്ട ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണെന്നും സതീശൻ വിമര്‍ശിച്ചു. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബു പങ്കെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.