For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അര്‍ജുന് വേണ്ടിയുള്ള ഈശ്വര്‍ മാല്‍പെയുടെ തിരച്ചിലില്‍ വീണ്ടും ലോഹഭാഗം കണ്ടെത്തി

11:59 AM Aug 14, 2024 IST | Online Desk
അര്‍ജുന് വേണ്ടിയുള്ള ഈശ്വര്‍ മാല്‍പെയുടെ തിരച്ചിലില്‍ വീണ്ടും ലോഹഭാഗം കണ്ടെത്തി
Advertisement

ഷിരൂര്‍: മലയാളി ഡ്രൈവര്‍ അര്‍ജുനെ കാണാതായ ഗംഗാവാലി പുഴയില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വീണ്ടും ലോഹഭാഗം കണ്ടെത്തി. ടാങ്കര്‍ ലോറിയുടെ ഷാക്കിള്‍ സ്‌ക്രൂ പിന്‍ ആണ് കണ്ടെത്തിയത്.

Advertisement

ഇന്നലെ ഓയില്‍ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് രാവിലെ നടത്തിയ തിരിച്ചിലിലാണ് ലോഹഭാഗം കണ്ടെത്തിയത്. അര്‍ജുന്‍ ഓടിച്ച ലോറിയുടെ ലോഹഭാഗമല്ല കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ ഈശ്വര്‍ മാല്‍പെ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തില്‍പെട്ട ടാങ്കറിലെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഒരു മണിക്കൂര്‍ നടത്തിയ തിരച്ചിലിനിടെ മൂന്ന് വസ്തുക്കളാണ് പുഴക്കടിയില്‍ നിന്ന് വീണ്ടെടുത്തത്.കരയില്‍ നിന്ന് 100 അടി അകലെ 35 മീറ്റര്‍ ആഴത്തില്‍ നിന്നാണ് ജാക്കി കണ്ടെത്തിയത്. ജാക്കി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് വാഹന ഉടമ മനാഫ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

മലയാളി ഡ്രൈവര്‍ അര്‍ജുനെ കാണാതായ ഗംഗാവാലി പുഴയില്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചില്‍ തുടങ്ങിയത്. പുഴയില്‍ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാല്‍പെ പുഴയിലിറങ്ങിയത്. നാവികസേനയുടെ ഡൈവിങ് സംഘവും തിരച്ചില്‍ നടത്തും.തിരച്ചിലിനായി 25 അംഗ സംസ്ഥാന ദുരന്ത നിവാരണസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്റ്ററും ഉപയോഗിക്കും. ഉത്തര കന്നട ജില്ല കലക്ടര്‍ ലക്ഷ്മി പ്രിയയും എസ്.പിയും ഉടന്‍ സ്ഥലത്തെത്തും.

ഗംഗാവാലി പുഴയില്‍ ഡീസല്‍ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്താണ് ആദ്യം പരിശോധിക്കുകയെന്ന് ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉച്ചക്ക് ശേഷം കൂടുതല്‍ ഡൈവര്‍മാര്‍ തിരച്ചലിന്റെ ഭാഗമാകും. പുഴയിലെ ഒഴുക്ക് കുറഞ്ഞത് ഗുണകരമെന്നും മാല്‍പെ ചൂണ്ടിക്കാട്ടി.സോണാര്‍ പരിശോധനയില്‍ തിരിച്ചറിഞ്ഞ സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക എന്ന് ഡിഫന്‍സ് പി.ആര്‍.ഒ അതുല്‍പിള്ളയും വ്യക്തമാക്കി. നാവികസേനയുടെ ഡൈവിങ് സംഘം തിരച്ചില്‍ നടത്തുമെന്നും പി.ആര്‍.ഒ അറിയിച്ചു.

ഉത്തര കന്നട ജില്ലയിലെ ഷിരൂര്‍ അങ്കോള ദേശീയ പാതയില്‍ ജൂലൈ 16ന് മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുന്‍, തമിഴ്‌നാട് സ്വദേശിയായ ടാങ്കര്‍ ഡ്രൈവര്‍ ലോകേഷ്, ജഗന്നാഥ് എന്നീ മൂന്നു പേരെയും ലോറിയെയും കണ്ടെത്താനാണ് ഇന്നലെ തിരച്ചില്‍ പുനരാരംഭിച്ചത്. തിരച്ചില്‍ കോഓഡിനേറ്റ് ചെയ്യാന്‍ കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയ്‌ലും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്‌റഫും രംഗത്തുണ്ട്.

Author Image

Online Desk

View all posts

Advertisement

.