ISRO ഉദ്യോഗസ്ഥ ചമഞ്ഞ് ഇൻസ്റ്റഗ്രാം സൗഹൃദം; യുവാവിൽ നിന്ന് സ്വർണവും പണവും തട്ടിയ യുവതി പിടിയിൽ
കാസര്‍കോട്: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിൽ ഒളിവില്‍പ്പോയ യുവതി പിടിയില്‍. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരനെ (35) യാണ് മേല്‍പ്പറമ്പ് എസ്. ഐ. എ. എന്‍. സുരേഷ്‌കുമാറും സംഘവും കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്.
ഒരുലക്ഷം രൂപയും ഒരുപവന്റെ മാലയും തട്ടിയെന്ന പൊയിനാച്ചിയിലെ 30-കാരന്റെ പരാതിയിലാണ് കേസെടുത്തത്. ഒളിവില്‍പ്പോയ ശ്രുതി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു.
ഐ.എസ്.ആര്‍.ഒ.യിലെ ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൊയിനാച്ചിയിലെ യുവാവിനെ വലയിലാക്കിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഉന്നതബന്ധം ഉപയോഗിച്ച് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.