ഹരിത കർമ്മസേന അംഗങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കും: എംഎൽഎ
പോത്താനിക്കാട് : ഹരിത കർമ്മസേന അംഗങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. പോത്താനിക്കാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനക്ക് വാഹനം ലഭ്യമാക്കും. സാധ്യമാകുമെങ്കിൽ ഇതിന് ആവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്നും വകയിരുത്തും.പോത്താനിക്കാട് പഞ്ചായത്തിലെ ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അംഗങ്ങൾക്കും എംഎൽഎ ഓണക്കോടി വിതരണം ചെയ്തു.
എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഹരിത കർമ്മ സേനയിലെ അംഗങ്ങൾ മാലിന്യ സംസ്കരണ രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ജിമ്മി, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഐപ്പ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിനു മാത്യു, ഫിജിന അലി, മേരി തോമസ്, എൻ.എം ജോസഫ്, ജോസ് വർഗീസ്, ഡോളി സജി, സുമാ ദാസ്, ടോമി ഏലിയാസ്, സെക്രട്ടറി കെ അനിൽ കുമാർ, ഷാജി സി ജോൺ എന്നിവർ സംബന്ധിച്ചു.