ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നല്‍കേണ്ടതില്ലെന്ന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭയിലേക്ക് പുതിയ മന്ത്രിയായി അധികാരമേല്‍ക്കുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നല്‍കേണ്ടതില്ലെന്ന് തീരുമാനം. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് മാത്രമാണ് ഗണേഷ് കുമാറിന് ലഭിക്കുക. സിപിഎമ്മിന്റെ കൈവശമുളള വകുപ്പ് മാറ്റേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും. ഇടത് മുന്നണിയുടെ മുന്‍ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ചത്. പകരം കേരള കോണ്‍ഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറിനെയും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാനാണ് മുന്നണി തീരുമാനിച്ചത്.
ഇരുവര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.ആയിരം പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് രാജ് ഭവനില്‍ ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞയക്ക് പിന്നാലെ ഗവര്‍ണറുടെ ചായസല്‍ക്കാരവും ഉണ്ടാകും. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയില്‍ എത്തുന്നത്.അതേസമയം, കെഎസ്ആര്‍ടിസിയെ സിസ്റ്റമാറ്റിക് ആക്കി മാറ്റണമെന്ന് കെബി ഗണേഷ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയില്‍ പ്രശ്‌നങ്ങളുണ്ടെന്നും തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും അദ്ദേഹം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. സഹകരിച്ചാല്‍ വിജയിപ്പിക്കാമെന്നും ഗ്രാമീണ മേഖലയില്‍ കൂടുതലായി സര്‍വ്വീസുകള്‍ നടത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.