കുട്ടിയെ കണ്ടെത്താനായത് ആശ്വാസകരം; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയ ആറു
വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയത് വളരെ ആശ്വാസകരമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപി. കേരളീയ സമൂഹത്തിൻ്റെ ഇടപെടലും പിന്തുണയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായി. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ സംഘങ്ങളെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ഓയൂർ ഭാഗത്തു നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി 21 മണിക്കൂറിനു ശേഷം കൊല്ലം നഗരത്തിലെ തിരക്കേറിയ പ്രദേശത്തിന് സമീപമാണ് കുട്ടിയെ സംഘം ഉപേക്ഷിച്ചത്. ഇത്രയും ദൂരം പോലീസിൻ്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഈ സംഘത്തിന് സഞ്ചരിക്കാനായതെന്ന് കെ. സുധാകരൻ എംപി ചോദിച്ചു.
കേരളത്തിന്റെ മുക്കിലും മൂലയിലും എഐ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളും വലിയ പോലീസ് സന്നാഹവും ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് സുരക്ഷാവീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്രിമിനൽ സംഘത്തെ അടിയന്തരമായി കണ്ടെത്തണമെന്നും കർശനമായ നിയമനടപടികൾ ഉണ്ടാകണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.