For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി

08:09 PM Jun 26, 2024 IST | Online Desk
യാക്കോബായ   ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം  സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി
Advertisement

കൊച്ചി: യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമെന്നും സര്‍ക്കാര്‍ നടപടികള്‍ പ്രഹസനമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഉത്തരവ് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന യാക്കോബായ വിഭാഗം കോടതിയലക്ഷ്യമാണ് നടത്തുന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കടുത്ത ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വിധി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കുന്നില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം കുറ്റപ്പെടുത്തി.

Advertisement

വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് സാധിക്കുകയെന്നും വിധി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നാണോ പറയുന്നതെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. വിധി നടപ്പിലാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് സംസ്ഥാന സര്‍ക്കാരിന് വിധി നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയാണെന്ന് പറയേണ്ടി വരും. സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കാത്തതെന്ന് ഓര്‍ക്കണം. പൊലീസ് റിപ്പോര്‍ട്ട് പറയുന്നത് അതാണ്.

വലിയ ക്രമസമാധാന പ്രശ്‌നമാണെന്നും ചിലപ്പോള്‍ വെടിവെപ്പ് വരെ ആവശ്യമായി വരുമെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു. ജനങ്ങളില്‍ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തിനാണ് പ്രതിരോധിക്കുന്നതെന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്ന് കഴിഞ്ഞ തവണ പറഞ്ഞതല്ലേ എന്നിട്ടും തടസം നിന്നാല്‍ കോടതിയലക്ഷ്യമാകും. പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് കോടതിയലക്ഷ്യമല്ലേയെന്ന് യാക്കോബായ സഭയോട് കോടതി ചോദിച്ചു.

യാക്കോബായ സഭ പ്രതിരോധിച്ചോയെന്ന് സര്‍ക്കാരിനോട് ചോദിച്ച ഹൈക്കോടതി ഏതൊക്കെ കക്ഷികളാണ് എതിര്‍ക്കുന്നത് എന്നതിന്റെ പട്ടികയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഉത്തരവ് നടപ്പാക്കാന്‍ രീതികളുണ്ടെന്ന് അറിയാത്തതല്ലല്ലോയെന്നും പള്ളിക്ക് അകത്ത് കയറി ഇരിക്കുന്നവര്‍ എപ്പോഴെങ്കിലും പുറത്ത് ഇറങ്ങില്ലേയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. അങ്ങനെ വരുമ്പോള്‍ ബാരിക്കേഡ് വച്ച് തടഞ്ഞുകൂടേയെന്നും കോടതി ചോദിച്ചു. പൊലീസിന് വേണമെങ്കില്‍ സാധിക്കാവുന്ന കാര്യമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ഥലത്ത് ഏഴ് മണിക്കൂര്‍ മാത്രമാണ് പൊലീസ് ഉണ്ടായിരുന്നതെന്നും പിന്നീട് അവര്‍ തിരിച്ചുപോയെന്നും പറഞ്ഞ ഹൈക്കോടതി നാളെ സംസ്ഥാന സെക്രട്ടേറിയേറ്റ് ഇങ്ങനെ വളഞ്ഞാല്‍ നിങ്ങള്‍ ഇത് തന്നെയാണോ ചെയ്യുകയെന്നും ചോദിച്ചു. വെറും പ്രഹസനമാണ് ഇതൊക്കെയെന്ന് കോടതി കുറ്റപ്പെടുത്തി. കുട്ടികളും സ്ത്രീകളും ഉണ്ടായത് കൊണ്ടാണ് ബലം പ്രയോഗിക്കാത്തതെന്ന് എജി പറഞ്ഞു. പൊലീസ് തന്ത്രപരമായി നീങ്ങിയില്ലെന്ന് വിമര്‍ശിച്ച കോടതി അതോ തന്ത്രം പൊലീസ് തന്നെ ചോര്‍ത്തിയോയെന്നും ചോദിച്ചു. വരും ദിവസങ്ങളില്‍ വിധി നടപ്പാക്കാമെന്ന് എജി കോടതിയില്‍ ഉറപ്പുനല്‍കി. കേസ് വീണ്ടും അടുത്ത മാസം എട്ടിന് പരിഗണിക്കാനായി മാറ്റി.

Author Image

Online Desk

View all posts

Advertisement

.