ജമാഅത്തെ ബന്ധം:പിണറായിയെ ചരിത്രം തിരിഞ്ഞു കുത്തുന്നു
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി യുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ചരിത്രം തിരിഞ്ഞു കുത്തുന്നു. ഇന്നലെ കോഴിക്കോട് നടന്ന ചടങ്ങിലും ' വര്‍ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചു' എന്ന് ആക്ഷേപിച്ച പിണറായി വിജയന്‍, ഇതേ കോഴിക്കോട് വെച്ച് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വാഗതം ചെയ്തിരുന്നു എന്നതും കൗതുകം.
2006ല്‍ മത്തായി ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ പരസ്യ പിന്തുണ സ്വീകരിച്ചത്. മേഖലയില്‍ സ്വാധീനമുള്ള ജമാഅത്തെയുടെ പിന്തുണ കിട്ടിയിട്ടുകൂടി 272 വോട്ടിന് മാത്രമാണ് അന്ന് സിപിഎം സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസ് വിജയിച്ചത്. ഫലപ്രഖ്യാപനത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ജമാഅത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് പരസ്യമായി തുറന്നുപറഞ്ഞു. അവരുടെ നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
അതിനുമുമ്പ് 1994 ല്‍ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഗുരുവായൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി കുഞ്ഞുമുഹമ്മദിന് വിജയം ഒരുക്കിയത് ആ പിന്തുണയുടെ ബലത്തില്‍ കൂടിയായിരുന്നു.
1996ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ജമാഅത്തെ ഇസ്ലാമിയും കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സിബിസിഐ) ഇടത് മുന്നണിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് പാര്‍ട്ടി പത്രത്തില്‍ 1996 ഏപ്രില്‍ 22ന് മുഖ പ്രസംഗം എഴുതിയിരുന്നു. 'തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങള്‍' എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയെ പാടി പുകഴ്ത്തിയിരുന്നു.
പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായ കാലത്ത് 2009 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫിന് ജമാഅത്തെ ഇസ്ലാമി നിരുപാധിക പിന്തുണ നല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ മത്സരിച്ച തലശ്ശേരി ഉള്‍പ്പെടെ 124 മണ്ഡലങ്ങളില്‍ ആണ് ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണച്ചത്. അന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയായിരുന്നു.
2011ല്‍ പിണറായി വിജയന്‍ തന്നെയാണ് ജമാ അത്തെ ഇസ്ലാമിയുടെ കേരള അമിര്‍ ടി.ആരിഫലിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടിയത് !
2015 ല്‍ അരൂക്കുറ്റി പഞ്ചായത്തില്‍ സിപിഎമ്മുമായി പരസ്യ സഖ്യം ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചു. കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലും മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഇത്തരത്തില്‍ ഇരുവരും സഖ്യമായി ഭരിച്ചു. ആ കാലഘട്ടങ്ങളില്‍ ഒന്നും ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണെന്നോ രാജ്യവിരുദ്ധ സംഘടനയാണെന്നോ പിണറായി വിജയന്‍ പറഞ്ഞിരുന്നില്ല.
എന്നാല്‍ സമീപകാലത്ത് സിപിഎമ്മുമായി അകലം പാലിക്കുകയും സര്‍ക്കാരിനെതിരെ സമര രംഗത്ത് എത്തുകയും ചെയ്തതിനു ശേഷമാണ് ജമാഅത്തെ ഇസ്ലാമിയെ വര്‍ഗീയ സംഘടന എന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മുദ്രകുത്തുന്നത്. കോഴിക്കോട് തന്നെ രണ്ടു നിലപാടുകള്‍ക്ക് വേദിയാകുമ്പോള്‍ പിണറായി വിജയന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയാവുകയാണ്.