'ജീവാനന്ദം'; ജീവനക്കാരുടെ പോക്കറ്റടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ മാറ്റിവെയ്ക്കാനുള്ള 'ജീവാനന്ദം' പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് സമമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത് സംബന്ധിച്ച ആലോചനകൾ ഒന്നും നടന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളം നൽകാൻ കഴിയാത്തതിനാലാണോ നിക്ഷേപമെന്ന രീതിയിൽ ഇത്തരത്തിലൊരു പദ്ധതി സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
മാസ ശമ്പളം കൊണ്ട് തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. നിക്ഷേപമായി ചെറിയത്തുക പോലും മാറ്റി വെയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളവർ പോലും ഉണ്ട്. ഈ സാഹചര്യത്തില്‍ 'നിര്‍ബന്ധ നിക്ഷേപ പദ്ധതി' ജീവനക്കാര്‍ക്ക് ബാധ്യതയാണെന്ന് വി ഡി സതീശൻ പ്രതികരിച്ചു.
മെഡിസെപ് ചികിത്സാ പദ്ധതിക്കായി പ്രതിമാസം 500 രൂപ ജീവനക്കാരില്‍ നിന്നും ഈടാക്കുന്നുണ്ട്. ശമ്പളത്തില്‍ നിന്നുള്ള 10 ശതമാനം വിഹിതം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നവരും നല്‍കണം. ഇതിന് പുറമെ ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയും ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവച്ചിട്ടുണ്ട്. ശമ്പളം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.