Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജെസ്നയുടെ തിരോധാനം: കേസ് സിബിഐ അവസാനിപ്പിക്കുന്നു; ‘ക്ലോഷർ റിപ്പോർട്ട്’ കോടതിയിലേക്ക്

07:50 PM Jan 02, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്നാ മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അവസാനിപ്പിക്കുന്നു. വർഷങ്ങൾ നീണ്ട അന്വേഷണത്തിലും കണ്ടെത്താൻ കഴിയാത്ത പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച ക്ലോഷർ റിപ്പോർട്ട് കോടതിക്ക് ഉടൻ സമർപ്പിക്കും. സിബിഐ മൂന്ന് വർഷമെടുത്ത് രാജ്യത്തിനകത്തും പുറത്തും അന്വേഷിച്ചു. സംശയിച്ച രണ്ട് പേരെ പോളിഗ്രാഫിന് വിധേയമാക്കി. ഇതിലൊന്നും തുമ്പ് കിട്ടാതായ ശേഷമാണ് കേസ് അവസാനിപ്പിക്കുന്നത്. സിബിഐ ഡയറക്ടറുടെ അനുമതി വാങ്ങിയാണ് ജെസ്നക്കേസിൽ അന്വേഷണസംഘം കോടതിയിൽ ക്ലോഷർ റിപ്പോർട്ട് കൊടുക്കാനൊരുങ്ങുന്നത്.
2018 മാര്‍ച്ച് 22ന് വെച്ചൂച്ചിറയിലെ വീട്ടിൽ നിന്ന് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എരുമേലി വരെ ബസ്സിൽ വന്നതിന് തെളിവുണ്ട്. ചില കടകളിലെ സിസിടിവി ദൃശ്യങ്ങളിലും കണ്ടിരുന്നു. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. രക്ഷയില്ലാതെ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ഒടുവിൽ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് 2021 ഫെബ്രുവരിയിൽ കേസ് സിബിഐക്ക് വിട്ടത്.
തീവ്രവാദ സംഘടനകൾ കെണിയിൽപെടുത്തി കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന പ്രചാരണം വ്യാപകമായതോടെയാണ് ജെസ്നയുടെ തിരോധാനം വൻ ചർച്ചയായത്. കോവിഡിന് തൊട്ടുമുമ്പ് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും ആശങ്കകൾ ശക്തമായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ തച്ചങ്കരി ജെസ്നയുടെ സ്ഥലം കണ്ടെത്തിയതായി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കേരളത്തിന് പുറത്ത് മറ്റൊരു സംസ്ഥാനത്തായതിനാൽ ലോക്ക്ഡൗണിൽ പോലീസുകാർക്ക് യാത്ര അസാധ്യമാണെന്നും അത് കഴിഞ്ഞാലുടൻ നേരിട്ട് അവിടെയെത്തി അന്വേഷിക്കുമെന്നും ആയിരുന്നു തച്ചങ്കരിയുടെ വിശദീകരണം. പിന്നീടും കേസിൽ ഒന്നും നടക്കാതെ വന്നതോടയാണ് ബന്ധുക്കൾ സിബിഐയെ തേടിപ്പോയത്.
കൊല്ലം ജയിലിൽ തൻ്റെ സഹതടവുകാരനായിരുന്ന പ്രതിക്ക് ജെസ്നയെക്കുറിച്ച് ചിലതെല്ലാം അറിയാമെന്ന് പൂജപ്പുര ജയിലിലെ തടവുകാരിലൊരാൾ സിബിഐയെ അറിയിച്ചതാണ് ഒടുവിൽ വഴിത്തിരിവാകുമെന്ന് കരുതിയത്. സിബിഐ സംഘം ജയിലിലെത്തി മൊഴിയെടുത്തപ്പോൾ വിവരം പരിശോധിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ തുടരന്വേഷണത്തിൽ ഫലമുണ്ടായില്ല. ഇതാണ് ഒടുവിൽ നടത്തിയ ശ്രമം. ഇതുകൂടി പരാജയപ്പെട്ട ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പരമോന്നത ഏജൻസി എത്തിയിരിക്കുന്നത്.

Advertisement

Advertisement
Next Article