ജെസ്നയുടെ തിരോധാനം; സിബിഐ റിപ്പോർട്ട് തള്ളണമെന്ന് പിതാവ്; ഏപ്രിൽ അഞ്ചിനകം വിശദീകരണം നൽകണമെന്ന് സിബിഐയോട് കോടതി
തിരുവനന്തപുരം: ജെസ്ന മറിയ ജെയിംസ് തിരോധാനക്കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് പിതാവ് ജെയിംസ് ജോസഫ്. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ
അദ്ദേഹം സമർപ്പിച്ച ഹർജിയിൽ വിശദീകരണം സമർപ്പിക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് സിബിഐ അഭ്യർത്ഥിച്ചു. ഈ ആവശ്യം പരിഗണിച്ച കോടതി ഏപ്രിൽ അഞ്ചിനകം വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശിച്ചു. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടു സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജിയിലും കോടതി അന്ന് വാദം പരിഗണിക്കും.
പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്നും ജെസ്നയുടെ പിതാവിന്റെ ഹർജിയിൽ പറയുന്നു. ജെസ്‌നയെ ഒരു സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നു. ജെസ്നയ്ക്കുണ്ടായ ശാരീരിക പ്രശ്നങ്ങളെ സംബന്ധിച്ച് അന്വേഷണം നടന്നില്ല. ജെസ്നയുടെ കൂടെ പഠിച്ച 5 വിദ്യാർഥികളെക്കുറിച്ച് അന്വേഷിച്ചില്ല. കോളജിനു പുറത്ത് ജെസ്ന എൻഎസ്എസ് ക്യാംപുകൾക്കു പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ പറയുന്നു.
ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ തീവ്രവാദ സംഘങ്ങൾക്കു ബന്ധമില്ലെന്നാണു സിബിഐയുടെ റിപ്പോർട്ട്. ജെസ്ന മതപരിവർത്തനം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജെസ്ന മരിച്ചു എന്നു സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല എന്നായിരുന്നു സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സിബിഐയുടെ വിശദീകരണ റിപ്പോർട്ടിന് ഏറെ പ്രാധാന്യമുണ്ട്. 2018 മാർച്ച് മാർച്ച് 22നാണ് കോളജ് വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്.