ഭരണിക്കാവ് ജെഎംഎച്ച്എസ് ശതാബ്ദി
പ്രവേശനോത്സവത്തിനു വർണാഭമായ തുടക്കം
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ആദ്യകാല ഹൈസ്കൂളുകളിലൊന്നായ ഭരണിക്കാവ് ജോൺ മെമ്മോറിയൽ ഹൈസ്കൂളിന്റെയും ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിട്യൂട്ടിന്റെയും ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. 1924ൽ സ്ഥാപിതമായ പ്രിലിമിനിറി സ്കൂളാണ് പിന്നീട് എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളായി വളർന്നത്. ശൂരനാട് തെക്ക്, പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകളിലെ പതിനായിരക്കണക്കിനു വിദ്യാർഥികളാണ് ജെഎംഎച്ച്എസിൽ പഠിച്ചിറങ്ങിയത്.
ശതാബ്ദി വർഷത്തിലേക്കുള്ള പ്രവേശനോത്സവവും കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികളുടെ വിജയോത്സവവും ശതാബ്ദി ലോഗോ പ്രകാശനവും ഇന്നലെ വിപുലമായ ചടങ്ങുകളോടെ ആഘോഷമാക്കി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂർവ വിദ്യാർഥിയും എഴുത്തുകാരനും വീക്ഷണം ഡെപ്യൂട്ടി എഡിറ്ററുമായ സി.പി. രാജശേഖരൻ പ്രവേശനോത്സവവും വിജയോത്സവവും ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നിസാം ഒല്ലായി അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥിനിയും നെയ്യാറ്റിൻകര ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജ് റിട്ടയേർഡ് പ്രിൻസിപ്പലുമായ ഡോ. മഞ്ജു രാമചന്ദ്രൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. റിട്ട. എച്ച്എം എസ് ശ്രീലത ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു. വിളംബര ഗാനത്തിന്റെ പ്രകാശനം ചലച്ചിത്ര താരം കെ.ആർ ഭരത് നിർവഹിച്ചു. മാനേജർ ഷാജി കോശി, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്നകുമാരി എന്നിവർ വിശിഷ്ടാതിഥികളെ ആദരിച്ചു.
പ്രീതാ കുാമാരി, ശ്രീലത രഘു, ബിനു ജി വർഗീസ്, എൽ സജീന, അനീഷ് ബേബി, ഷിബു ബേബി എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ലീന സഖറിയ സ്വാഗതവും ബാലു ശിവൻ നന്ദിയും പറഞ്ഞു.