For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശം വയനാട്ടില്‍ അനേകം ഉണ്ടെന്ന് ജോണ്‍ മത്തായി

03:38 PM Aug 13, 2024 IST | Online Desk
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശം വയനാട്ടില്‍ അനേകം ഉണ്ടെന്ന് ജോണ്‍ മത്തായി
Advertisement

കല്പറ്റ /വയനാട്: വയനാട്ടില്‍ 'സേഫ് ഏരിയ അണ്‍സേഫ് ഏരിയ' ഏതൊക്കെ എന്ന് തരംതിരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി. ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയസ്ഥലം മുതല്‍ താഴേക്ക് വന്ന് പരിശോധിക്കും. എന്താണ് ഉരുള്‍പൊട്ടലിന് കാരണമെന്നും പ്രഭവകേന്ദ്രമേതെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ പരിശോധനയ്‌ക്കെത്തിയത്.

Advertisement

'സുരക്ഷിതമായ പ്രദേശങ്ങള്‍ ഏതൊക്കെ, ദുര്‍ബലപ്രദേശങ്ങള്‍ ഏതൊക്കെ, ഇനി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉരുള്‍പൊട്ടിയ ഭാഗത്തേക്കാണ് ആദ്യം പോകുന്നത്. അവിടെനിന്ന് താഴോട്ട് വരും. രണ്ടോ മൂന്നോ ദിവസം അവിടെ ഉണ്ടാകും. ആറംഗസംഘം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും'- ജോണ്‍ മത്തായി പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പഠനം തീര്‍ത്ത് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. പരിശോധന കഴിയുന്നമുറയ്ക്ക് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശം വയനാട്ടില്‍ അനേകം ഉണ്ട്. 300 മില്ലിമീറ്റര്‍ മഴയില്‍ കൂടുതല്‍ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനെ സൂക്ഷ്മരീതിയില്‍ തരംതിരിച്ചെടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കേടുപാടുകള്‍ പറ്റാത്ത വീടുകളില്‍ ആളുകള്‍ക്ക് താമസം സാധ്യമാണോ എന്ന ചോദ്യത്തിന്; സേഫ് ഏരിയ അണ്‍സേഫ് ഏരിയ ആയി തിരിച്ച ശേഷം കേടുപാടുകള്‍ സംഭവിക്കാത്ത വീടുകളുണ്ടെങ്കില്‍, സേഫ് ഏരിയ ആണെങ്കില്‍ അവയെ ഉപയോഗപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.ഡബ്ല്യു.ആര്‍.എം. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.

Author Image

Online Desk

View all posts

Advertisement

.