തദ്ദേശ സ്ഥാപനങ്ങളുടെ മൂന്നാം ഗഡു പദ്ധതി വിഹിതം ഉടനെ നൽകണം: കെ സി ജോസഫ്
കോട്ടയം: ഡിസംബർ അവസാന ആഴ്ച നൽകേണ്ട തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു അടിയന്തിരമായി നൽകാനും പദ്ധതി പ്രവർത്തനത്തെ ട്രഷറി നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്ന് മുൻ ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. സർക്കാരിന്റെ ധന പ്രതിസന്ധി മൂലം തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികൾ സ്തംഭിച്ചിരിക്കുകയാണെന്ന് കെ സി ജോസഫ് കുറ്റപ്പെടുത്തി.
സാമ്പത്തികവർഷം അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെട്രഷറി നിയന്ത്രണം മൂലം നടപ്പ് സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്കു അനുവദിച്ച പദ്ധതി വിഹിതമായ 7460.65 കോടി രൂപയുടെ മൂന്നിലൊന്നു പോലും ചെലവഴിക്കാൻ സാധിച്ചിട്ടില്ല .ഇതുവരെയായി അനുവദിച്ചത് 3857.30 കോടി രൂപയാണ് .ഇതിൽ ഇതിനോടകം ചെലവായത് 2343.62 കോടി രൂപ മാത്രമാണ്. അതായത് 31.4 ശതമാനം മാത്രം. ചെലവഴിച്ചതായി പറയുന്ന തുകയിൽ 416.4 കോടി രൂപയ്ക്കുള്ള 17648 ബില്ലുകൾ പണം ഇല്ലാത്തതിനാൽ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്.
സാധാരണഗതിയിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മൂന്ന് തുല്യ ഗഡുക്കളായി ഏപ്രിൽ, ഒക്ടോബർ, ഡിസംബർ എന്നീ മാസങ്ങളിലായാണ് പദ്ധതി വിഹിതം അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വർഷം ഡിസംബർ അവസാന വാരം നൽകേണ്ടമൂന്നാം ഗഡു ഇതുവരെ നൽകിയിട്ടില്ല. കേന്ദ്ര ധനകാര്യ കമ്മീഷൻ നൽകേണ്ട ഗ്രാന്റ് വിഹിതമായ 814 കോടിയിൽ ലഭിച്ച 252 കോടി രൂപ പൂർണമായും കൈമാറാതെ സംസ്ഥാന സർക്കാർ പിടിച്ചു വെച്ചിരിക്കുകയാണ് .
ട്രഷറിയിൽ സമർപ്പിച്ച ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറ്റി നൽകാത്തതിനാൽ ഗുണഭോക്തൃ സമിതികളൊ കോൺട്രാക്റ്റർമാരൊ ഇപ്പോൾ പ്രവർത്തികൾ ഏറ്റെടുക്കുന്നില്ല. അതിനാൽ രണ്ടാം ഗഡു പോലും പൂർണമായി ചെലവഴിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാമ്പത്തിക വർഷത്തെ മൂന്നിലൊന്ന് പദ്ധതി വിഹിതം (അതായത് 2500 കോടി രൂപയോളം) പൂർണമായും ലാപ്സാകുന്ന സ്ഥിതി വിശേഷമാണുള്ളത്.
പഞ്ചായത്ത് രാജ് നിയമം നടപ്പിലായ ശേഷം ഇതുവരെ ഉണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിടുന്നത്. അധികാര വികേന്ദ്രികരണത്തിന്റെ കടയ്ക്കൽ തന്നെ കത്തി വെക്കുന്ന സമീപനമാണ് ഇടതു മുന്നണി സർക്കാർ സ്വീകരിക്കുന്നതെന്ന് കെ സി ജോസഫ് പറഞ്ഞു.