കാട് കാണാത്ത മന്ത്രിയാണ് വനം മന്ത്രി എ കെ ശശീന്ദ്രനെന്ന് കെ. സുധാകരന്‍
കണ്ണൂര്‍: വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കാട് കാണാത്ത മന്ത്രിയാണ് അയാളെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോവണമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഞാന്‍ വനം മന്ത്രിയായിരുന്ന ആളാണ്. ഞാന്‍ കാണാത്ത ഒരിഞ്ച് വനം കേരളത്തിലില്ല. ഈ മന്ത്രി എവിടെ പോയിട്ടുണ്ട്. വയനാട്ടില്‍ ആനയാക്രമിച്ച് മരണം നടന്ന വീട്ടില്‍ മന്ത്രി പോയോ. എന്തു മന്ത്രിയാണിത്. അദ്ദേഹം പോവുന്നില്ലെങ്കില്‍ സര്‍ക്കാര്‍ മന്ത്രിയോട് പറയണ്ടേ. എന്നിട്ട് പത്തു ലക്ഷം ഉലുവ കൊടുത്തിരിക്കുന്നു. മരിച്ച ചെറുപ്പക്കാരന്റെ രണ്ട് മക്കള്‍ പഠിക്കുന്നുണ്ട്. അതിന് തികയുമോ ഈ പൈസ. എല്ലാറ്റിനും ഒരു മര്യാദ വേണ്ടേ. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെക്കുകയാണ് വേണ്ടത്. അതിനു എല്‍.ഡി.എഫ് ശ്രമിക്കണം.
ഒരു മൃഗം കാട്ടില്‍ ഇറങ്ങിയാല്‍ ആ വിവരം ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന സംവിധാനം ഇപ്പോഴുണ്ട്. ആന വന്നത് ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിയും. എവിടെയാണ് ആന ഇറങ്ങിയത് എന്നറിയാന്‍ അവര്‍ ശ്രമിക്കാറില്ല. ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാണ്. ഉദ്യോഗസ്ഥര്‍ റിസ്‌ക് എടുക്കാന്‍ നില്‍ക്കില്ല. ഇവര്‍ വെക്കുന്ന വെടി മയക്കുവെടി തന്നെയാണോ എന്നതും പരിശോധിക്കണമെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.