For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ. മുരളീധരന്‍

12:25 PM Sep 03, 2024 IST | Online Desk
തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ  മുരളീധരന്‍
Advertisement

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ബി.ജെ.പിയെ സഹായിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇതാണ് അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കാത്തതിന് കാരണമെന്നും മുരളീധരന്‍ ആരോപിച്ചു.

Advertisement

ഏപ്രില്‍ 16 രാത്രിയാണ് പൂരം അലങ്കോലമാക്കിയത്. പിറ്റേ ദിവസം ഏപ്രില്‍ 17ന് രാവിലെ തന്നെ ഇക്കാര്യം താന്‍ മാധ്യമങ്ങളോട് പറഞ്ഞതാണ്. പൂരം കലക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കൈകളുണ്ടെന്ന് താന്‍ ഉറച്ച് വിശ്വസിക്കുകയാണ്. സുരേഷ് ഗോപി ജയിപ്പിക്കാനെടുത്ത നാടകമായിരുന്നു പൂരം കലക്കല്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത്. പൂരം കലക്കിയതിന് അജിത് കുമാറിന് പങ്കുണ്ട്. പിണറായിയുടേത് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഡീല്‍ ആണെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം, പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ പരാതി നല്‍കി. ഹൈക്കോടതിയില്‍ അഭിഭാഷകനായ വി.ആര്‍. അനൂപാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിക്കണമെന്നും അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Author Image

Online Desk

View all posts

Advertisement

.