ബിജെപിയുടേത് സ്നേഹയാത്രയല്ല,
യൂദാസിന്റെ ചുംബനമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്തവരെ സന്ദർശിക്കുന്ന ബിജെപിയുടേത് സ്നേഹയാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമേയുള്ളു സംഘപരിവാറിന്.
റബർ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളിൽ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാൻ ഓടിനടന്ന കേരളത്തിലെ ബിജെപിക്കാർ മണിപ്പൂരിൽ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടന്നപ്പോൾ ഓടിയൊളിച്ച് ആട്ടിൻതോലിട്ട ചെന്നായുടെ തനിസ്വരൂപം പ്രദർശിപ്പിച്ചു. മണിപ്പൂരിലും രാജ്യവ്യാപകമായും ക്രൈസ്തവർക്കെതിരേ സംഘപരിവാരങ്ങളുടെ ആക്രമണം തുടരുന്നതിനിടയിലാണ് കേരളത്തിൽ മാത്രം അവർ വീണ്ടും സ്പെഷ്യൽ ന്യൂനപക്ഷപ്രേമം വിളമ്പുന്നത്.
ക്രൈസ്തവർക്കെതിരേ ഈ വർഷം 687 അതിക്രമങ്ങൾ ഉണ്ടായെന്നാണ് ഡൽഹിയിലെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം വെളിപ്പെടുത്തിയത്. ഓരോ ദിവസവും 2 ക്രൈസ്തവർ വീതം അക്രമത്തിന് ഇരയാകുന്നു. പള്ളികളും വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കുന്നു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഹിന്ദി ഹൃദയഭൂമിയിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ഹെൽപ്പ് ലൈനിൽ 2014ൽ 147 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023ൽ അത് 687 ആയി കുതിച്ചുയർന്നു.
7 മാസമായി മണിപ്പൂർ കത്തിയെരിഞ്ഞിട്ടും നൂറുകണക്കിനു പേരെ കൊന്ന് കുക്കി ,ഗോത്രവർഗ, ക്രിസ്ത്യൻ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി അതീവഗൗരവമുള്ള ഈ വിഷയത്തിൽ ഇടപെട്ടില്ല. മണിപ്പൂരിൽ സ്നേഹയാത്രയുമായി രാഹുൽ ഗാന്ധി എത്തിയതോടെയാണ് വിഷയം ദേശീയശ്രദ്ധയിൽ വന്നത്. ഡീൻ കുര്യാക്കോസ് എംപി, ഹൈബി ഈഡൻ എന്നിവരാണ് അവിടെ ആദ്യം കാലുകുത്തിയത്.
7 മാസത്തിനുശേഷമാണ് കഴിഞ്ഞ ദിവസം 87 കുക്കി ഗോത്രവർഗക്കാരുടെ മൃതദേഹം പോലും സംസ്‌കരിക്കാനായത്. 249 ക്രിസ്ത്യൻ പള്ളികൾ വർഗീയകലാപം ആരംഭിച്ച് 36 മണിക്കൂറിനുള്ളിൽ തകർത്തെന്നാണ് ഇംപാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൻ ചൂണ്ടിക്കാട്ടിയത്. തുടർന്നും നിരവധി പേർ കൊല്ലപ്പെട്ടു. വീടുകളും സ്വത്തുക്കളും നശിപ്പിക്കപ്പെട്ടു. പതിനായിരങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നു. 15 വർഷം മണിപ്പൂരിൽ കോൺഗ്രസ് മുഖ്യമന്ത്രി ബോബി സിംഗ് ഭരിച്ചപ്പോൾ അവിടെ കലാപം ഉണ്ടായിട്ടില്ല. ബിജെപി മുഖ്യമന്ത്രി ബിരേൻ സിംഗ് ഭരണമേറ്റ 2017 മുതലാണ് മണിപ്പൂർ കലാപഭരിതമായത്. മണിപ്പൂരിൽ നടക്കുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ വംശഹത്യയാണ്. ഗുജറാത്തിൽ നടന്ന വംശഹത്യയ്ക്കു സമാനമാണിത്.
മണിപ്പൂരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന അക്രമങ്ങളിൽനിന്ന് കേരളത്തിന് വലിയ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ബിജെപിക്ക് നില്ക്കാനൊരിടം കിട്ടിയാൽ ഒട്ടകത്തിന് തലചായ്ക്കാൻ ഇടംകൊടുത്തതുപോലെ ആകുന്നതാണ് ചരിത്രമെന്ന് സുധാകരൻ പറഞ്ഞു.