മുഖ്യമന്ത്രി വ്യക്തി വിരോധം തീർത്തു,
ലോക്‌സഭാ സ്പീക്കർക്ക് കെ.സുധാകരൻ പരാതി നൽകി
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടന്ന കെപിസിസി മാർച്ചിനെതിരേ നിയമങ്ങളും ചട്ടങ്ങളും മാനനദണ്ഡങ്ങളും പാടേ ലംഘിച്ചുകൊണ്ട് താനുൾപ്പെടെയുള്ള സഹ എംപിമാർക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പോലീസ് നടപടിയും ടിയർ ഗ്യാസ്,ഗ്രനേഡ്,ജലപീരങ്കി പ്രയോഗവും അന്വേഷിക്കണം എന്നാവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ലോക്‌സഭാ സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകി.
ജനപ്രതിനിധിയെന്ന പരിഗണന പോലും പോലീസ് നൽകിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് താനുൾപ്പെടെയുള്ള എംപിമാർക്കും ജനപ്രതിനിധികൾക്കുമെതിരേയുള്ള പോലീസ് നടപടി. മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീർക്കാനാണ് ശ്രമിച്ചത്.
പോലീസിന്റെ ഗ്രനേഡ്,ടിയർ ഗ്യാസ് പ്രയോഗത്തിൽ തനിക്ക് ശ്വാസതടസ്സം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. മനുഷ്യാവകാശങ്ങളുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളുടെയും നഗ്നമായ ലംഘനം കൂടിയാണിത്. സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരായ പോലീസ് നടപടി സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് ലോക്‌സഭാ സ്പീക്കർക്ക് നൽകിയ പരാതിയിൽ സുധാകരൻ ആവശ്യപ്പെട്ടു.