ഡിജിപി ഓഫീസ് മാർച്ച്: കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
തിരുവനന്തപുരം: നേതാക്കൾക്കു നേരേ ഷെല്ലെറിഞ്ഞു പരുക്കേല്പിച്ച പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി, സമാധാനപരമായി പ്രതിഷേധിച്ച മുതിർന്ന നേതാക്കൾക്കെതിരേ പൊലീസ് കേസ്, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി എന്ന് ആക്ഷേപമുയർന്നു. നവകേരള യാത്ര പൊളിഞ്ഞതിന്റെ ക്ഷീണം തീർക്കാനാണ് കോൺഗ്രസ് നേതാക്കൾക്കു നേരേ വധശ്രമം വരെ ഉണ്ടായതെന്നാണു നേചാക്കൾ പറയുന്നത്.
ഇന്നലെ ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ അടക്കം പ്രധാന നേതാക്കളെയും പ്രതി ചേർത്താണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.