കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് പണി വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം. അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നായിരുന്നു ആക്ഷേപം. ഭരണത്തിലിരിക്കുന്ന നഗരസഭയെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തിലുള്ള നടപടി ഗൗരവമുള്ള സംഭവമാണെന്നും മുതിര്‍ന്ന നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
തലസ്ഥാനത്തെ തീരാത്ത റോഡ് പണി പോലെത്തന്നെയാണ് റോഡ് പണിയെ കുറിച്ച് പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന വിവാദവും. ഒന്നിന് പുറകെ ഒന്നെന്ന പോലെയാണ് തുടര്‍ച്ച. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനമാണ് വിവാദത്തിന് തീ പടര്‍ന്നത്. അതിന് മറുപടിയെന്നോണമായിരുന്നു കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുവേദിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം. നടപടി അപക്വമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയിലും സംഭവം റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടക്ക് പൊതുജന പക്ഷത്ത് നിന്നെന്ന പേരില്‍ വിമര്‍ശനം ഉന്നയിച്ച കടകംപള്ളിയുടെ നടപടിയാണ് വാചക യുദ്ധത്തിന് തുടക്കമിട്ടതെന്നാണ് അംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
ഭരണത്തിലിരിക്കുന്ന നഗരസഭയേയും പൊതുമരാമത്ത് വകുപ്പിനേയും അവഹേളിച്ച് പ്രസംഗിച്ച നടപടി ശരിയായില്ലെന്നാണ് സംസ്ഥാന സമിതിയിലെ പൊതു വിലയിരുത്തല്‍. മുതിര്‍ന്ന നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്ന നടപടിയല്ലെന്ന അഭിപ്രായവും ഉയര്‍ന്നു. അതേസമയം, മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന സമിതിയില്‍ കാര്യമായ വിമര്‍ശനം ഉയര്‍ന്നതുമില്ല. വിവാദത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണത്തില്‍ അടക്കം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന വിമര്‍ശനത്തെ പാര്‍ട്ടി നേതൃത്വം തള്ളുകയും ചെയ്തു. കാര്യമെന്തായാലും കരാറിലെ കള്ളക്കളിയെന്ന ആക്ഷേപം ആരെ ഉദ്ദേശിച്ചെന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും മറുപടിയും ഇല്ല.