കാഫിര്‍ പോസ്റ്റര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെന്ന് മന്ത്രി എം ബി രാജേഷ്: ലതികയ്ക്ക് താമ്രപത്രം കൊടുത്തൂടെയെന്ന് എല്‍ദോസ് കുന്നപ്പിള്ളി
തിരുവനന്തപുരം: വടകരയില്‍ വിവാദമായ കാഫിര്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വിഷയത്തില്‍ മുന്‍ എം.എല്‍.എ കെ.കെ. ലതികയെ നിയമസഭയില്‍ ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്. വര്‍ഗീയ പ്രചരണത്തിനെതിരായിട്ടാണ് കെ.കെ. ലതിക കുറിപ്പിട്ടതെന്നും പോസ്റ്റ് പിന്‍വലിച്ചത് പക്വമായ നടപടിയാണെന്നും നമ്മളില്‍ പലരും പോസ്റ്റുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചരണങ്ങളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ന്യായീകരണത്തിനിടെ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി. ലതികയ്ക്ക് താമ്രപത്രം കൊടുത്തൂടെ എന്നായിരുന്നു എല്‍ദോസ് കുന്നപ്പിളിയുടെ പരിഹാസം. താമ്രപത്രം കൊടുക്കണോ കുറ്റപത്രം കൊടുക്കണോയെന്ന് പറയുന്നില്ലെന്ന് മന്ത്രി മറുപടി പറഞ്ഞു.
കെ.കെ.രമയും മാത്യു കുഴല്‍നാടനുമാണ് പ്രതിപക്ഷത്തുനിന്ന് കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചത്. വര്‍ഗീയ പ്രചാരണങ്ങളില്‍ 17 കേസ് എടുത്തിട്ടുണ്ടെന്ന് വിശദീകരിച്ച മന്ത്രി എംബി രാജേഷ് കെ.കെ. ലതികക്കെതിരെ കേസെടുക്കാത്തതിനെ ന്യായീകരിച്ചു. കെ.കെ. ലതികയുടെ എഫ്ബി പോസ്റ്റ് വര്‍ഗീയ പ്രചാരണത്തിന് എതിരെയാണെന്നും ഫേസ്ബുക്കില്‍ നിന്ന് മറുപടി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡ് വിഷയം മന്ത്രി ഉന്നയിച്ചതോടെ യഥാര്‍ഥ വിഷയത്തില്‍ നിന്ന് വഴിമാറുകയാണെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വടകര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ചുള്ള വാട്‌സാപ് സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചത്. മുസ്‌ലിം ലീഗ് വാട്‌സാപ് ഗ്രൂപ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ എഴുതിയ കുറിപ്പ് എന്ന നിലയിലായിരുന്നു സി.പി.എം നേതാക്കളും അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിപ്പിച്ചത്. എന്നാല്‍, ഇതിനെതിരെ പ്രസ്തുത ലീഗ് പ്രവര്‍ത്തകന്‍ പൊലീസിലും കോടതിയിലും പരാതി നല്‍കുകയും വ്യാജപോസ്റ്റിന് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. 'കാഫിര്‍' പ്രയോഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ കെ.കെ. ലതിക ഏറെ നാളുകള്‍ക്ക് ശേഷമാണ് ഫേസ്ബുക്കില്‍ നിന്ന് ഇത് പിന്‍വലിച്ചത്. സ്‌ക്രീന്‍ഷോട്ട് പിന്‍വലിച്ച അവര്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
മുസ്ലിം യൂത്ത് ലീഗ് നേതാവിന്റെ പേരിലുള്ള വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ലതികയെ പൊലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നറിഞ്ഞിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്.