For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; മുഖ്യമന്ത്രി കുറ്റക്കാരെ സഹായിക്കുന്നു: വി ഡി സതീശൻ

03:56 PM Aug 16, 2024 IST | ലേഖകന്‍
കാഫിര്‍ സ്‌ക്രീന്‍ഷോട്ട്  മുഖ്യമന്ത്രി കുറ്റക്കാരെ സഹായിക്കുന്നു  വി ഡി സതീശൻ
Advertisement
Advertisement

കൊച്ചി: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് നടന്നതെന്നും കുറ്റക്കാരെ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കേണ്ട കേസാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു. 'മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയും എല്ലാ തെളിവും ഉണ്ടായിട്ടും പോലീസും ഒന്നും ചെയ്യുന്നില്ലെന്നും. വിമര്‍ശിച്ചാല്‍ കേസെടുക്കും എന്നാല്‍ വിദ്വേഷം പ്രചരിപ്പിച്ചാല്‍ കേസില്ല. ഡിവൈഎഫ്‌ഐക്കാരനെ ചോദ്യം ചെയ്താല്‍ വിവരം കിട്ടും, പക്ഷെ ചെയ്യുന്നില്ല. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്,' വി ഡി സതീശന്‍ പറഞ്ഞു. എല്ലാ തെളിവുകളുണ്ടായിട്ടുപോലും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാഫിര്‍ പോസ്റ്റിനെതിരെയുള്ള നിയമപോരാട്ടം തുടരുമെന്നും വിഡി സതീശന്‍ വ്യക്‌തമാക്കി.

ഉന്നതതലത്തില്‍ നടത്തിയ ഗൂഡാലോചനയാണിതെന്നും വര്‍ഗീയ സംഘര്‍ഷത്തിന് വരെ കാരണമാകാവുന്ന പ്രചാരണമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി പൊലീസിന്റെ ചെവിക്ക് പിടിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും പുറത്ത് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കാഫീര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്. തിങ്കളാഴ്ച്ച വടകര എസ്പി ഓഫീസിലേക്ക് യുഡിഎഫ്-ആര്‍എംപി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. മുന്‍ എം പി കെ മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വിവാദം ഉണ്ടായി നാല് മാസത്തോളമായിട്ടും ഇതുവരെ പ്രതികളിലേക്ക് അന്വേഷണം എത്താത്തത് പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിന്റെ ഭാഗമാണെന്നാണ് യുഡിഎഫ് ആരോപണം.

ഏപ്രില്‍ 25 ന് ഉച്ചക്ക് 2.13ന് റെഡ് എന്‍കൗണ്ടര്‍ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റബീഷ് എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 25 ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയന്‍ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. അമല്‍ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അതില്‍ അഡ്മിന്‍ മനീഷ് ആണ് സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23 ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന്‍ അബ്ബാസ് ആണ് പോരാളി ഷാജി പേജില്‍ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ റിബേഷിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. റിബേഷ് അന്വേഷണത്തോട് സഹകരിക്കുകയാണ് ചെയ്തത്. ഏതു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് സ്‌ക്രീന്‍ഷോട്ട് ലഭിച്ചതെന്ന് അറിയാത്തതുകൊണ്ടാണ് ഫോണ്‍ പൊലീസിന് കൈമാറിയത്. വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചവരെ കണ്ടെത്തണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു ആവശ്യപ്പെട്ടു. നിയമപരമായും സംഘടനാപരമായും പിന്തുണ നല്‍കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായും ജില്ലാ കമ്മിറ്റി അറിയിച്ചു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.