നിയന്ത്രണങ്ങൾക്കിടയിലും കല (ആർട്ട്) നിറം-2023 ചിത്രരചനാ മത്സരം വിജയകരമായി !
കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്ക്കൂൾ കുട്ടികൾക്കായി വര്ഷങ്ങളായി കല (ആർട്ട്) കുവൈറ്റ് സംഘടിപ്പി ക്കാറുള്ള "നിറം ചിത്രരചനാ മത്സരം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിജയകരമായി നടന്നു. പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 134-ആം ജന്മദിനത്തോടനുബന്ധിച്ചു നടന്ന നിറം 2023 മത്സരത്തിൽ 3368 കുട്ടികൾ പങ്കെടുത്തു. ഈ വർഷം പരിപാടിയുടെ 19-ആം വാർഷികമായിരുന്നു .
സർക്കാർ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, നിലവിലെ സാങ്കേതികതകൾ ഉപയോഗിച്ചു സ്വന്തം വീടുകളിൽ വെച്ച് ആണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഓരോ ഗ്രൂപ്പുകാർക്കും വിഷയം കല (ആർട്ട്) കുവൈറ്റിൻറെ വെബ്സൈറ്റിലൂടെയും മത്സരാത്ഥികളുടെ ഇമെയിൽ വഴിയും അറിയിക്കുകയുണ്ടായി. അഞ്ചുമണിവരെ ഓരോ ഗ്രൂപ്പുകാർക്കും പ്രത്യേകം നിശ്ചയിച്ച ഇമെയിൽലേക്ക് ഡ്രോയിങ്‌സ് അപ്പ്‌ലോഡ് ചെയ്യുന്നതിനുള്ള സമയവും അനുവദിച്ചിരുന്നു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും ഉണ്ടായിരുന്നു.
ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. റിസൾട്ട് ഡിസംബർ 1-ന് പ്രഖാപിക്കും.
കുവൈറ്റിലെ ഇരുപത്തഞ്ചോളം വരുന്ന ഇന്ത്യൻ സ്കൂളുകളിൽ നിന്നായിസംഘാടകരുടെ പ്രതീക്ഷകളെയും മറികടന്നു 4182 പേർ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്തതിൽ 3368 പേർ മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ വള൪ത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം - 2023 വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സംതൃപ്തിയും രേഖപ്പടുത്തി. ഇതുമായി സഹകരിച്ച കുരുന്നു പ്രതിഭകൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽസെക്രട്ടറി രാകേഷ് പി. ഡി, ട്രെഷറർ അഷ്‌റഫ് വിതുര, മീഡിയ കൺവീനർ മുകേഷ് വി. പി. എന്നിവർ അറിയിച്ചു.