വിവാദ പരാമർശം, കലാമണ്ഡലം സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമർശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു.
"മോഹിനി ആയിരിക്കണം എപ്പോളും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് കൊറച്ചു അകത്തിവെച്ച് കളിക്കേണ്ട ആർട് ഫോം ആണ്. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണ്. അല്ലെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺകുട്ടികളിൽ തന്നെ സൗന്ദര്യം ഉള്ളവരില്ലേ. അവരായിരിക്കണം. ഇവനെ കണ്ടുകഴിഞ്ഞാൽ ദൈവം പോലും പെറ്റ തള്ളപോലും സഹിക്കില്ല". ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം.