For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സൗത്ത് ഇന്ത്യൻ ബാങ്കും കലാമണ്ഡലവും ചേർന്നൊരുക്കുന്ന കലാസന്ധ്യ,കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷൻസ് 31ന്

08:10 PM Dec 17, 2024 IST | Online Desk
സൗത്ത് ഇന്ത്യൻ ബാങ്കും കലാമണ്ഡലവും ചേർന്നൊരുക്കുന്ന കലാസന്ധ്യ കഥകളിലൂടെ കലാമണ്ഡലം  ഡിമിസ്റ്റിഫയിംഗ് ട്രെഡിഷൻസ് 31ന്
Advertisement

കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം 'കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷൻസ്' എന്ന പേരിൽ പുതുമയാർന്നതും വ്യത്യസ്തവുമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതൽ പുലർച്ചെ 1 മണിവരെ, ഭാരതപ്പുഴയോട് ചേർന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നത്.

Advertisement

കലാമണ്ഡലത്തിൻ്റെ വരുംകാലപ്രവർത്തനങ്ങൾക്ക് ഊർജ്ജവും മാർഗ്ഗവും നൽകുവാൻ താൽപ്പര്യപ്പെടുന്നവർക്കായി, അതിൻ്റെ വാതായനങ്ങൾ തുറന്നുകൊടുക്കുക എന്ന ചരിത്രപ്രാധാന്യമുള്ള ഒരു ദൗത്യത്തിന് തുടക്കം കുറിക്കുന്നു എന്നുള്ളതാണ് ഈ സായംസന്ധ്യയുടെ പ്രധാന സവിശേഷത എന്ന് കേരള കലാമണ്ഡലം റജിസ്ട്രാർ ഡോ. രാജേഷ് കുമാർ പി പറഞ്ഞു. കല, സംസ്ക്കാരം എന്നിവയെ സംരക്ഷിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഗൗരവമായ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ആസ്ഥാനമായ ബാങ്കെന്ന നിലയിൽ ഈ നാടിന്റെ മഹത്തായ കലാ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിലും ദേശീയ, അന്തർദേശീയ തലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിലും സൗത്ത് ഇന്ത്യൻ ബാങ്ക് എക്കാലവും പ്രതിബദ്ധരായിരിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ പറഞ്ഞു. ക്ലാസ്സിക്കൽ കലകളുടെ പൈതൃകത്തെ ആദരിക്കുന്നതിനോടൊപ്പം പുതുവർഷം അർത്ഥവത്തായി തുടങ്ങുന്നതിനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മഹത്തായ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളായ കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ എന്നീ കലകളെ പരിരക്ഷിക്കുക, പരിപാലിക്കുക, പ്രചരിപ്പിക്കുക എന്നീ മഹത്തായ ലക്ഷ്യങ്ങൾക്കായി മഹാകവി വള്ളത്തോളിൻ്റെ നേതൃത്വത്തിൽ 1930ൽ സ്ഥാപിതമായ കേരള കലാമണ്ഡലം, ഇന്ത്യയിലെ ലോകപ്രശസ്തമായ കലാസ്ഥാപനങ്ങളിൽ ഒന്നാണ്.

കലാമണ്ഡലത്തിൻ്റെ ബഹുമുഖപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി പൊതുസമൂഹത്തിൻ്റെ, വിശേഷിച്ചും കലാതൽപരരുടെ സഹകരണവും പിന്തുണയും സജീവപങ്കാളിത്തവും അനിവാര്യമാണ്. വിവിധ കലാരൂപങ്ങളിൽ പ്രാവീണ്യം നേടിയ കലാമണ്ഡലത്തിലെ പ്രഗത്ഭ കലാകാരരും ക്ഷണിക്കപ്പെട്ട മറ്റ് പ്രശസ്ത കലാകാരരും നിള ക്യാംപസിൽ ഒരുക്കുന്ന കലാപ്രദർശനത്തിന്റെ ഭാഗമാകും.

കഥകളി, മോഹിനിയാട്ടം, ദീപ പാലനാട്, സുദീപ് പാലനാട് എന്നിവർ നയിക്കുന്ന കഥകളി മോജോ തുടങ്ങിയ അവതരണങ്ങൾക്ക് പുറമെ, കഥകളിയുടെ ആഹാര്യ സൗന്ദര്യ രീതികളെ അധിഷ്ഠിതമാക്കി പ്രത്യേകം രൂപകൽപന ചെയ്ത ഭക്ഷണം, ഫാഷൻ, കരകൗശല ഉൽപന്നങ്ങൾ എന്നിവയുടെ തൽസമയനിർമാണവും പ്രദർശനവും നടക്കും. സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിങ് ഹെഡ്‌മായ ബിജി എസ് എസ്, മാർക്കറ്റിംഗ് ഹെഡ് രമേഷ് കെ പി, കഥകളിലൂടെ കലാമണ്ഡലം ക്യൂറേറ്റർ ലക്ഷ്മി മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ കേശവൻ നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക.

Link: https://kalamandalam.ac.in/latestnews/311224

Tags :
Author Image

Online Desk

View all posts

Advertisement

.