കമല ഹാരിസ് പ്രസംഗം റദ്ദാക്കി : മാധ്യമങ്ങളെയും കാണില്ല
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കമല ഹാരിസ് തന്റെ ഇലക്ഷന്‍ നൈറ്റ് പ്രസംഗം റദ്ദാക്കി. ഡോണള്‍ഡ് ട്രംപ് വിജയം ഉറപ്പിച്ചതോടെയാണ് കമല പ്രസംഗം റദ്ദാക്കിയത്. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും വ്യാഴാഴ്ച പ്രസംഗം നടത്തുമെന്നും കമലയുടെ തെരഞ്ഞെടുപ്പ് പ്രചരണ സംഘത്തിലെ അംഗം സെഡ്രിക് റിച്മണ്ട് അറിയിച്ചു.
മാത്രമല്ല, ഇന്ന് കമല മാധ്യമങ്ങളെയും കാണില്ലെന്നാണ് റിപ്പോര്‍ട്ട്. തോല്‍വിയോടെ ഡെമോക്രാറ്റിക് ക്യാമ്പുകള്‍ നിശബ്ദമായിരിക്കുകയാണ്. വിജയം ഉറപ്പിച്ചിരുന്ന പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നീ സ്റ്റേറ്റുകള്‍ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.
മിന്നുന്ന വിജയമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് സ്വന്തമാക്കിയത്. നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. നോര്‍ത്ത് കാരോലൈന, ജോര്‍ജിയ, പെന്‍സല്‍വേനിയ എന്നിവിടങ്ങളില്‍ ട്രംപ് വന്‍വിജയമാണ് നേടിയത്. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ ജയിച്ചാണ് സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗന്‍, പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍ എന്നീ സ്റ്റേറ്റുകള്‍ ട്രംപ് നേടി.ഒരിക്കല്‍ തോല്‍വി അറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ്.