കണ്ടല ബാങ്ക് തട്ടിപ്പ്: മന്ത്രിമാരും സംശയ നിഴലിൽ; ഭാസുരാംഗനെ പിന്തുണച്ചത് കാനം രാജേന്ദ്രൻ
നിസാർ മുഹമ്മദ്
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ 101 കോടി രൂപയുടെ തട്ടിപ്പിൽ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന് പുറമേ, സംസ്ഥാന സർക്കാരിലെ ചില മന്ത്രിമാരും പാർട്ടി സെക്രട്ടറിയും സംശയനിഴലിൽ. ബാങ്കിൽ തട്ടിപ്പ് നടന്നതായി 2021ൽ സഹകരണ വകുപ്പ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാതെ ഭാസുരാംഗനെ സംരക്ഷിച്ചു നിർത്തിയത് ഇവരായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ബാങ്കിലും മിൽമയിലും ഭാസുരാംഗൻ നടത്തിയ തട്ടിപ്പിന്റെ വിഹിതം ചില മന്ത്രിമാർക്കും നൽകിയിട്ടുണ്ടെന്നും
ഇ.ഡി കണ്ടെത്തിയ രേഖകളിൽ ഇത് സംബന്ധിച്ച് ചില വിവരങ്ങളുണ്ടെന്നുമാണ് സൂചന. ബാങ്കിലെ ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടന്നു. ബന്ധുക്കളുടെ പേരിൽ അനധികൃതമായി വായ്പ എടുത്തെന്നും ചിട്ടി നടത്തിപ്പിന്റെ മറവിൽ അനധികൃതമായി ലക്ഷങ്ങൾ കമ്മിഷനായി ജീവനക്കാർ കൈപ്പറ്റിയെന്നും ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി. ഈ പണം ഉന്നത നേതാക്കളിലേക്ക് എത്തിയെന്നാണ് ഇഡി സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാസുരാംഗനെ ഡിസ്ചാർജ് ചെയ്തതിന് ശേഷം വിശദമായി ചോദ്യം ചെയ്യും.
അതേസമയം, സിപിഐയുടെ പ്രാദേശിക നേതൃത്വം ഭാസുരാംഗന്റെ അഴിമതി ചൂണ്ടിക്കാട്ടി പലതവണ നേതൃത്വത്തെ സമീപിച്ചെങ്കിലും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനും ബാങ്ക് പ്രസിഡന്റിനൊപ്പമായിരുന്നു. അനധികൃതമായി ജീവനക്കാർക്കു ശമ്പളം നൽകി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. 173 കോടി രൂപ നിക്ഷേപകർക്കു നൽകാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തിൽ കുടിശികയായിട്ടുള്ളത്.
അടുത്തിടെ, ഒരു പാർട്ടി നേതാവിന്റെ ആത്മഹത്യയിൽ ഭാസുരാംഗൻ ആരോപണ വിധേയനായപ്പോഴും കാനം രാജേന്ദ്രൻ ഭാസുരാംഗനെ സംരക്ഷിച്ചു നിർത്തുകയായിരുന്നു. പാർട്ടിയുടെ എല്ലാ പരിപാടിക്കും വലിയ തോതിൽ പണം നൽകി വന്ന ബാങ്കായിരുന്നു കണ്ടല സർവീസ് സഹകരണ ബാങ്ക്. സർക്കാരിന്റെയും പാർട്ടിയുടെയും പരിപാടികൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നഗരത്തിലെമ്പാടും ഫ്ളെക്സും ബോർഡും സ്ഥാപിച്ചിരുന്ന ഭാസുരാംഗൻ 2006ൽ സിപിഐയിലേക്ക് വന്ന നാൾ മുതൽ പാർട്ടിയുടെ സ്പോൺസർ കൂടിയായിരുന്നു.
ഇ.ഡി കസ്റ്റഡിയിലെടുത്ത ഭാസുരാംഗനെ ഇനിയും സംരക്ഷിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാർട്ടി ജില്ലാ എക്സിക്യൂട്ടിവ് യോഗം ചേർന്ന് പുറത്താക്കൽ നടപടി തീരുമാനിച്ചത്. ഈ നടപടിയിലൂടെ തൽക്കാലം മുഖം രക്ഷിക്കാനാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. എന്നാൽ, ഇ.ഡി അന്വേഷണം കൂടുതൽ മുന്നോട്ടുപോയാൽ പലരും കുടുങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മാണ് പ്രതിക്കൂട്ടിലായതെങ്കിൽ കണ്ടലയിൽ സിപിഐയാണ് കുരുക്കിലായിരിക്കുന്നത്.
ഉന്നത നേതാക്കളുമായുള്ള ബന്ധമാണ് വലിയ തട്ടിപ്പ് നടത്താൻ ഭാസുരാംഗനെ സഹായിച്ചതെന്ന് സിപിഐയിൽ തന്നെ ആക്ഷേപമുണ്ട്. പ്രാദേശിക സിപിഎം നേതൃത്വത്തിനും ഭാസുരാംഗനെ താൽപര്യമില്ല. നേതാക്കൾക്ക് ഭാസുരാംഗൻ മാസപ്പടി നൽകിയിരുന്നതായി ആരോപണമുണ്ട്. തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചാൽ പാർട്ടി പ്രതിരോധത്തിലാകും. ബാങ്കിനെതിരെ ആരോപണം ഉയർന്നിട്ടും ഇത്രയും നാൾ ആരാണ് ഭാസുരാംഗനെ സംരക്ഷിച്ചതെന്ന ചോദ്യവും ഉയരും. 30 വർഷമായി ബാങ്കിന്റെ പ്രസിഡന്റ് പദം വഹിച്ചത് ഭാസുരാംഗനാണ്. ബാങ്കിലെ ഇടപാടുകളെ സംബന്ധിച്ച് ആക്ഷേപം ഉയർന്നപ്പോഴെല്ലാം സിപിഐ നേതൃത്വത്തിൽ ചിലർ ഭാസുരാംഗനെ സംരക്ഷിച്ചു. മിൽമയിൽ ഭാസുരാംഗൻ നടത്തിയ ചില നിയമനങ്ങളെ സംബന്ധിച്ചും പാർട്ടിയിൽ ആക്ഷേപം ഉയർന്നിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് 2005 മുതൽ 2021വരെയുള്ള ബാങ്കിന്റെ പ്രവർത്തനം പരിശോധിക്കാൻ സഹകരണവകുപ്പ് തീരുമാനിച്ചത്. ബാങ്കിന് ഈ കാലയളവിൽ 101 കോടിരൂപയുടെ മൂല്യശോഷണം സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഭരണസമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കുമുള്ള പങ്കും പുറത്തുവന്നു. ഭാസുരാംഗനും കുടുംബവും വലിയ രീതിയിൽ സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സഹകരണ വകുപ്പിൽനിന്നും അന്വേഷണ റിപ്പോർട്ടുകള്‍ ശേഖരിച്ച ഇഡി ഒരു മാസം മുൻപാണ് അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക ഇടപാടുകളിൽ പൊലീസ് വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്താൽ ഇഡിക്ക് ഇടപെടാനാകും. കണ്ടല ബാങ്കുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് വഞ്ചനാകുറ്റം ചുമത്തിയതോടെയാണ് ഇഡി രംഗപ്രവേശനം ചെയ്തത്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുടെ പണം ഇഡിക്ക് കണ്ടുകെട്ടാം. അതേസമയം,
ഭാസുരാംഗന്റെ ഇടപാടുകളിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് ഇപ്പോഴും നേതൃത്വം പറഞ്ഞുകൊണ്ടിരിക്കുന്നത്.
അതേസമയം, കണ്ടല സർവീസ് സഹകരണ ബാങ്കിലെ ഇ.ഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്നാണ് സഹകരണ മന്ത്രി വി.എൻ. വാസവന്റെ ന്യായീകരണം. രാഷ്ട്രീയവേട്ടയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.