കണ്ടല ബാങ്ക് തട്ടിപ്പ്: മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിപിഎം നേതാവും മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ്കുമാറിനെതിരെ ബിജെപിയുടെ അവിശ്വാസ പ്രമേയ നോട്ടീസ്. പഞ്ചായത്തിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ഷീബമോളാണ് ഇന്ന് രാവിലെ ബി.ഡി.ഒയ്ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് കൈമാറിയത്. ബിജെപി അംഗങ്ങളായ മറ്റ് ആറുപേരും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് ഈമാസം 22-ന് കാട്ടാക്കടയിൽ എത്താനിരിക്കെ ബാങ്ക് തട്ടിപ്പിൽ ചോദ്യം ചെയ്യപ്പെടുന്ന നേതാവിനെതിരെയുള്ള അവിശ്വാസ പ്രമേയ നീക്കം സിപിഎമ്മിന് തിരിച്ചടിയായി.
കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മതിയായ രേഖകള്‍ ഹാജരാക്കാതെ ഒരേ വസ്തുവിന്റെ പ്രമാണം വെച്ച് ലക്ഷങ്ങള്‍ വായ്പ തരപ്പെടുത്തിയെന്ന് സുരേഷ്‌കുമാറിനെതിരെയുള്ള അവിശ്വാസ നോട്ടീസില്‍ ബിജെപി കുറ്റപ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. പഞ്ചായത്തില്‍ എവിടെ പ്ലോട്ട് ഡിവിഷന്‍ നടന്നാലും അവര്‍ക്ക് വേണ്ടി അനുകൂല നിലപാട് സ്വീകരിച്ച് കമ്മീഷന്‍ കൈപ്പറ്റുന്നുവെന്ന ആരോപണവും നോട്ടീസില്‍ ഉന്നയിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ചീനിവിള ഭാഗത്ത് എട്ടിലധികം വീടും വസ്തുക്കളും കച്ചവടം നടത്തി. അതിന്റെ തെളിവുകള്‍ പഞ്ചായത്ത് രേഖയിലുണ്ടെന്നും നിലാവ് പദ്ധതി പ്രകാരം നല്‍കിയ എല്‍ഇഡി ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്താതെ അഴിമതി കാട്ടിയെന്നും നോട്ടീസില്‍ പറയുന്നു.
മസ്റ്ററിങ് നടത്തിയിട്ടും പഞ്ചായത്തിലെ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 21 വാര്‍ഡുകളിലും മെറ്റീരിയല്‍ വര്‍ക്ക് നല്‍കുന്നില്ല. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ തെറ്റിദ്ധരിപ്പിച്ച് വായ്പ എടുപ്പിച്ച ശേഷം അവരെ വഴിയാധാരമാക്കിയെന്നും അവിശ്വാസ നോട്ടീസില്‍ ആരോപിക്കുന്നു.
ഈമാസം 22-ന് നവകേരള സദസ് കാട്ടാക്കടയിലെത്തുമ്പോൾ കാളിദാസ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രഭാതഭക്ഷണം ഒരുക്കിയിരിക്കുന്നത് അവിശ്വാസ നോട്ടീസ് നേരിടുന്ന പഞ്ചായത്ത് പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തിലാണ്. ഇ.ഡി അന്വേഷണത്തിൽ ഉൾപ്പെട്ട നേതാവിനെ സംരക്ഷിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നടപടിക്കെതിരെ സിപിഎമ്മിലും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. നിലവിൽ സിപിഎം ആറ്, സിപിഐ മൂന്ന്, ബിജെപി ഏഴ്, കോൺഗ്രസ് അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. ബിജെപിക്ക് പുറമേ, ഏതെങ്കിലും ഒരംഗം അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാൽ സുരേഷ്കുമാർ പദവിയിൽ നിന്ന് പുറത്തുപോകും.
കണ്ടല ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഉയർന്നത്. ഇതിന്റെ ഭാഗമായി ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഭരണാസമിതിയിൽ ഡയറക്ടറുമായിരുന്നു സുരേഷ്‌കുമാർ. സുരേഷ്കുമാറിന് പുറമേ, പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. പത്തു ലക്ഷം രൂപ വരെ മാത്രം ലോൺ ആയി നൽകുവാൻ പരിധി ഉള്ള ബാങ്കിൽ നിന്നും അധിക തുക ലോൺ ആയി സുരേഷ്‌കുമാറിന് ലഭിച്ചത് ഇ.ഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.