കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് ; ഭാസുരാംഗനെ ഇ ഡി കസ്റ്റഡിയിലെടുത്തു
*തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് വീക്ഷണം
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു. മിൽമയുടെ വാഹനത്തിലാണ് ഭാസുരാംഗനെ കൊണ്ടുപോയത്. കരിവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് സമാനമായി 101 കോടി രൂപയുടെ തട്ടിപ്പ് നടന്ന തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടെയും വീട്ടിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് എറണാകുളത്തു നിന്നുള്ള ഇഡി സംഘം റെയ്ഡിനായി എത്തിയത്. മുൻ സെക്രട്ടറി കാട്ടാക്കട അഞ്ചുതെങ്കിൻ മൂട് സ്വദേശിനി ശാന്തകുമാരി, അഞ്ചുതെങ്ങിൻമൂട് സ്വദേശി മുൻ സെക്രട്ടറി രാജേന്ദ്രൻ, പേരൂർകടയിൽ താമസിക്കുന്ന മുൻ സെക്രട്ടറി മോഹനചന്ദ്രൻ, സ്വദേശി കളക്ഷൻ എജന്റ് അനിൽകുമാർ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. കേന്ദ്ര സേനയുടെ സുരക്ഷയോടെയായിരുന്നു എല്ലായിടത്തും പരിശോധന. ഭാസുരാംഗന്‍റെ മകന്‍റെ പൂജപ്പുരയിലെ റസ്റ്റോറൻ്റിലും പരിശോധന നടത്തി. 101 കോടിയുടെ ക്രമക്കേടുകൾ കണ്ടല ബാങ്കിൽ സംഭവിച്ചിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബിനാമി പേരില്‍ 34 കോടിയും തട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍. ഭാസുരാംഗനായിരുന്നു ബാങ്ക് പ്രസിഡൻ്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്.സെപ്റ്റംബർ മാസത്തിൽ കേരള സഹകരണ വകുപ്പ് നിയമം 68 (1) പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ക്രമക്കേടുകൾ അക്കമിട്ടു നിരത്തിയിരിക്കുന്നത്. തട്ടിപ്പുകൾക്ക് പുറമേ ബാങ്ക് ഭരണസമിതി നടത്തിയ ക്രമക്കേടുകളും ഈമാസം 15ന് സമർപ്പിക്കപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ എണ്ണിയെണ്ണിപ്പറഞ്ഞിട്ടുണ്ട്.തസ്തികാനുവാദം ഇല്ലാതെ നിരവധി പേരെ ബാങ്കില്‍ നിയമിച്ചും ജീവനക്കാര്‍ക്ക് അനധികൃത ഉദ്യോഗകയറ്റം, ഗ്രേഡ് ആനുകൂല്യം മുതലായവ നല്‍കിയും സില്‍ബന്ധി ചിലവ് ഇനത്തില്‍ നിക്ഷേപത്തില്‍ നിന്നും വന്‍തുക വകമാറ്റി ചിലവഴിച്ചു. സഹകരണ നിയമം, ചട്ടം, രജിസ്ട്രാറുടെ സര്‍ക്കൂലര്‍ എന്നിവകളിലെ വ്യവസ്ഥകള്‍ ബോധപൂര്‍വ്വം ലംഘിച്ച് ബാങ്കിലെ കാലാകാലങ്ങളിലെ ഭരണസമിതി ബാങ്കിന് ഭീമമായ തുക നഷ്ടമുണ്ടാക്കിയവർക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ആരംഭിച്ച സഹകരണ ആശുപത്രിയില്‍ നിക്ഷേപങ്ങള്‍ വകമാറ്റി ചെലവഴിച്ച് അനധികൃതമായ ജീവനക്കാരെ നിയമിച്ച് അവര്‍ക്ക് ശമ്പളവും പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി ഭരണസമിതി ബാങ്കിന് ഭീമമായ തുക നഷ്ടമുണ്ടാക്കി. വായ്പ സംഘങ്ങളുടെ ക്ലാസ് 5 ല്‍ പ്രവര്‍ത്തിക്കാന്‍ മാത്രം യോഗ്യതയുള്ള സംഘത്തിന്റെ ക്ലാസിഫിക്കേഷന്‍ ക്ലാസ് 1 ല്‍ നിലനിര്‍ത്തി, റീക്ലാസിഫിക്കേഷന്‍ നടത്താതെ സില്‍ബന്ധി ചിലവ് ഇനത്തില്‍ നിക്ഷേപത്തില്‍ നിന്നും വന്‍തുക വകമാറ്റി ചിലവഴിച്ച് സഹകരണ നിയമം, ചട്ടം, രജിസ്ട്രാറുടെ സര്‍ക്കുലര്‍ എന്നിവകളിലെ വ്യവസ്ഥകള്‍ ബോധപരമൂര്‍വ്വം ലംഘിച്ച് ഭരണസമിതി ബാങ്കിന് ഭീമമായ തുക നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.സഹകരണ ചട്ടം 54(1)ന് വിധേയമല്ലാതെ ജോയിന്റ് രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി കൂടാതെ ബാങ്കില്‍ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാറനല്ലൂര്‍ ക്ഷീരവ്യവസായ സംഘത്തിന് സംഘം നിയമാവലിയ്ക്കും സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി വന്‍തുക ക്രമരഹിതമായി വായ്പ അനുവദിച്ച് വര്‍ഷങ്ങളായി വായ്പ കുടിശ്ശികയാക്കി ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കി. ചട്ടവിരുദ്ധമായി ബാങ്ക് ഫണ്ട് മാറനല്ലൂര്‍ ക്ഷീര വ്യവസായ സംഘത്തിന് വായ്പ നല്‍കുകയും 5 ലക്ഷം രൂപ ഷെയര്‍ എടുക്കുകയും ചെയ്തത് കണ്ടല സര്‍വ്വീസ് സഹകരണ ബാക്ക് പ്രസിഡന്റ് ആയിരുന്ന ഭാസുരാംഗന്‍ സ്വന്തം താല്‍പര്യത്തിനായിരുന്നു. ക്ഷീര വ്യവസായ സംഘത്തിന്റെയും പ്രസിഡന്റ് ഭാസുരാംഗനാണെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപ മൂല്യശോഷണം മൂലം 101 കോടി രൂപയുടെ ആസ്തിയില്‍ കുറവുണ്ടായിരിക്കുന്ന ബാങ്കിന് തരളധനം സൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ഇതുവഴി നിക്ഷേപം തിരികെ നല്‍കുന്നതില്‍ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിയും വന്നു. നിയമാവലി വ്യവസ്ഥയെ ബോധപമൂര്‍വ്വം ലംഘിച്ച് വന്‍തുക വായ്പ നല്‍കിയും, 3 സെന്റിന് താഴെ വസ്തു ജാമ്യമായി സ്വീകരിച്ച് വായ്പ നല്‍കിയും, ഒരു വസ്തുവിന്റെ ജാമ്യത്തില്‍ നിരവധി വായ്പകള്‍ നല്‍കിയും, കൃത്രിമ വസ്തുമൂല്യനിര്‍ണയത്തിലൂടെ മതിപ്പ് വില കൂട്ടികാണിച്ച് വായ്പ തരപ്പെടുത്താന്‍ വ്യക്തികളെ അനുവദിക്കുകയും ചെയ്തു. സി ക്ലാസ് അംഗങ്ങള്‍ക്ക് പോലും വായ്പ നല്‍കി. വായ്പ കുടിശ്ശിക ഈടാക്കാന്‍ആര്‍ബിട്രേഷന്‍ എക്‌സിക്യൂഷന്‍ കേസുകള്‍ യഥാവിധി ഫയല്‍ ചെയ്യാതെയും അംഗമറിയാതെ എം ഡി എസ് ബാക്കിനില്‍പ്പ് തുക അനധികൃത വായ്പയാക്കി മാറ്റിയും വ്യവസ്ഥകൾ ലംഘിച്ചു. ഇത് ബാങ്കിന് ഭീമമായ കടം വരുത്തിവെച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഘത്തില്‍ നിന്നും മതിയായ ജാമ്യം വാങ്ങാതെ വിതരണം ചെയ്ത വായ്പകളില്‍ സംഘം പ്രസിഡന്റ് ഭാസുരാംഗന്റെയും ജീവനക്കാരുടെയും ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ടതാണ്. ആരാണോ സംഘം ഫണ്ട് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതും വിനിയോഗിക്കേണ്ടതുമായവര്‍ തന്നെ സംഘം ഫണ്ട് ശോഷണത്തിന് കൂട്ടുനിന്നത് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.നിയമാവലിയില്‍ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും ഉപനിബന്ധന ഇല്ലാതെ നിക്ഷേപം സ്വീകരിച്ചും നിക്ഷേപങ്ങള്‍ക്ക് അമിത പലിശ നല്‍കിയും ബാങ്ക് ഭരണസമിതി രജിസ്ട്രാറുടെ സര്‍ക്കുലറുകളെ ബോധപൂര്‍വ്വം ധിക്കരിച്ച് ബാങ്കിന് ഭീമമായ തുക നഷ്ടം വരുത്തി. രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ബാങ്കില്‍ കമ്പ്യൂട്ടര്‍വത്കരണം നടത്തി ക്രമക്കേടുകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാഹനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്ത ഭരണസമിതി കുറ്റകരമായ വീഴ്ചവരുത്തി ബോധപൂര്‍വ്വം ബാങ്കിന് നഷ്ടം വരുത്തി.വകുപ്പ് അനുമതി കൂടാതെ ബാങ്കിലും ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ആശുപത്രിയിലും അകസാമാനങ്ങളും ആശുപത്രി ഉപകരണങ്ങളും വാങ്ങിയതുവഴി സഹകരണ ചട്ടം 180 ന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്ത തുകയില്‍ തിരിച്ചടയ്ക്കാനുള്ള 38,18,600 രൂപ സംഘം വകമാറ്റി ചെലവഴിച്ചത് തന്നെ ബാങ്കിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഒരു സഹകരണ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്നത്. അനധികൃത നിയമനം നടത്തുക, അവര്‍ക്ക് പ്രൊമോഷനും അനധികൃതമായി ശമ്പളവും നല്‍കുക, നിക്ഷേപം സ്വീകരിക്കുന്നതിന്ബാങ്കിലെ ജീവനക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കുക, എം ഡി എസില്‍ ചിറ്റാളന്‍മാരെ ചേര്‍ക്കുന്നതിന് ബാങ്കിലെ ജീവനക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കുക, എം ഡി എസ് തുക ഒരു ചിറ്റാളന് കൊടുക്കേണ്ട സ്ഥാനത്ത് നിരവധി പേര്‍ക്ക് പേര്‍ക്ക് നല്‍കുകയും ഈ തൂക ബാങ്കില്‍ സാങ്കല്‍പ്പിക നിക്ഷേപമായി കാണിച്ച് ഇല്ലാത്ത നിക്ഷേപത്തിന് കൂടിയ പലിശ നല്‍കുക, അനധികൃതമായി സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സംഭാവനകളും പരസ്യങ്ങളും നല്‍കുക, അനുമതി ഇല്ലാതെ കൂടിയ തുക ചെലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സാധന സാമഗ്രികളും വാങ്ങുക എന്നിങ്ങനെ നിരവധി ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിലുണ്ട്.